ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് 7 ശതമാനം ഡിഎ അനുവദിക്കാൻ നീക്കം. അടുത്ത ശമ്പളത്തോടൊപ്പം ഡിഎ കുടിശിക കൂടി നല്കാനാണ് ശ്രമം. ഡിഎ കുടിശിക അനുവദിക്കുന്നതിനുവേണ്ടി സർക്കാർ സഹായം തേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ സിഎംഡി പ്രമോജ്ശങ്കറും ഫിനാൻഷ്യൽ അഡ്വൈസർ എ.ഷാജിയും ധനകാര്യ വകുപ്പുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
ഡിഎ കുടിശിക അനുവദിക്കാൻ സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ മുഖ്യമന്ത്രിയോട് അഭ്യർഥന നടത്തിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള നീക്കം സജീവമായത്.നിലവിലെ കണക്കനുസരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് 35 ശതമാനം ഡിഎ ആണ് കുടിശിക ഉള്ളതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
2020 മുതലുള്ള ഡിഎ കുടിശികയാണ് ഇത്. ഇതിൽ ഏഴ് ശതമാനമാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം അനുവദിച്ചു കൊണ്ടു ധനകാര്യ വകുപ്പിന്റെ തീരുമാനം ഉണ്ടാകും. കെഎസ്ആർ ടി സി യുടെ വരുമാനത്തിൽ നിന്നു ഡിഎ കുടിശിക നല്കാൻ കഴിയില്ലെന്ന് കണക്കുകൾ സഹിതം ധനകാര്യ വകുപ്പിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ മാസം തോറും 50 കോടിരുപവീതമാണ് സർക്കാർ സഹായമായി നല്കുന്നത്. ഡി എ കുടിശികയിൽ കുറച്ചെങ്കിലും ജീവനക്കാർക്ക് നല്കുന്നതിനായി 50 കോടി എന്നത് 55 കോടിയായി ഉയർത്തണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഈ ആവശ്യത്തോട് ധനകാര്യവകുപ്പ് അനുകൂലമായ തീരുമാനം എടുക്കുമെന്ന് കെഎസ് ആർടിസി അധികൃതർ പറഞ്ഞു.
ഒരു ശതമാനം പോലും ഡിഎ കിട്ടാതെ 2020 മുതൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ചെറിയ ആശ്വാസമാകും. ഏഴ് ശതമാനം ഡി എ അനുവദിച്ചാലും പിന്നെയും 28 ശതമാനം കുടിശികയാണ്.
- പ്രദീപ് ചാത്തന്നൂർ
