മാവേലിക്കര: സ്വകാര്യ ബസ് മുതലാളിമാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അട്ടിമറിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ്. കാലപ്പഴക്കം ചെന്ന വണ്ടികളുമായി നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്ന ഡിപ്പോയെ കാലക്രമേണ ഓപ്പറേഷന് സെന്ററിന്റെ നിലവാരത്തിലേക്ക് തരം താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിവസേന 72 ട്രിപ്പുകള്‍ ഓടിക്കൊണ്ടിരുന്ന ഹരിപ്പാട് – പത്തനംതിട്ട ചെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കുകയും മാവേലിക്കര ഡിപ്പോയിലെ 3 വണ്ടികളില്‍ ഒരെണ്ണം ചവറയ്ക്കും രണ്ടെണ്ണം ആലപ്പുഴയ്ക്കും രാവിലെ പോയാല്‍ രാത്രി തിരികെ എത്തുകയും പകല്‍സമയം ദേശീയപാതയിൽ സര്‍വീസ് നടത്തുകയും ചെയ്യുന്നു.
ആകെ 35 വണ്ടികള്‍ ഉള്ള ഡിപ്പോയില്‍ 25 ല്‍ താഴെ ബസുകള്‍ ആണ് നിത്യേന സര്‍വീസ് നടത്തുന്നത്. അതില്‍ മൂന്ന് വണ്ടികളാണ് കളക്ഷന്‍ കൂട്ടാനായി എന്‍എച്ചില്‍ ഓടുന്നത്. ജനകീയ സര്‍വീസായ തെങ്കാശിക്ക് രണ്ട് സര്‍വീസ് നടത്തിയിരുന്നത് രാവിലെ 8. 30ന് മാത്രമുള്ള സര്‍വീസായി ചുരുക്കി.
കോട്ടയം വഴി വെളുപ്പിനെ അഞ്ചിന് സര്‍വീസ് നടത്തിയ ഗുരുവായൂര്‍ സര്‍വീസ് നിര്‍ത്തലാക്കി. വലിയ സാമ്പത്തിക നേട്ടം കൈവരിച്ച സീതാമൗണ്ട് പൂര്‍ണമായും നിര്‍ത്തലാക്കി. കായംകുളം- ചങ്ങനാശേരി 36 ട്രിപ്പ് നടത്തിയ ചെയിന്‍ സര്‍വീസ് കായംകുളം-തിരുവല്ലയാക്കി 20 ട്രിപ്പുകള്‍ മാത്രമാക്കി ചുരുക്കി.
എന്‍ എച്ചില് നിന്നും എംസി റോഡില്‍നിന്നും വേറിട്ട് നില്ക്കുന്ന പ്രദേശമായതിനാല്‍ പൊതുഗതാഗതത്തെ ആശ്രയിച്ച് ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ കായംകുളം- ചങ്ങനാശേരി , ഹരിപ്പാട് -പത്തനംതിട്ട സര്‍വീസുകള്‍ സ്വകാര്യ സര്‍വീസുകള്‍ക്കായി അട്ടിമറിച്ചതാണെന്നും ഇതിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അനി വര്‍ഗീസ് പറഞ്ഞു.
