തച്ചങ്കരി തെറിച്ചത് രണ്ടും കല്‍പ്പിച്ച് കോടിയേരി ഇറങ്ങിയപ്പോള്‍ ! യൂണിയന്‍കാരും പാര്‍ട്ടിനേതാക്കളും കൊടിയേരിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ പിണറായിക്കും പിടിവിട്ടു; കെഎസ്ആര്‍ടിസിയുടെ കാര്യം ഗുദാ ഹവാ…എന്ന് ഉറപ്പിച്ച് മലയാളികള്‍

തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തിയ രക്ഷകനായാണ് മലയാളികള്‍ ടോമിന്‍ തച്ചങ്കരിയെ കണ്ടത്. ശബരിമലക്കാലത്ത് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്ത് തച്ചങ്കരി എല്ലാം നിയന്ത്രിച്ചപ്പോള്‍ അത് കെഎസ്ആര്‍ടിസിക്ക് തുണയായി. ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിന്റെ വക സ്വന്തമായി കണ്ടെത്തി. ഇതോടെ ആരും അധികനാള്‍ ഉറയ്ക്കാത്ത കെഎസ്ആര്‍ടിസി എംഡി കസേരയില്‍ തച്ചങ്കരി ഇനിയും ഏറെനാള്‍ വാഴുമെന്ന പ്രതീതിയുമുണ്ടായി.

ഇലക്ട്രിക് ബസിന്റെ വിജയത്തില്‍ പോസ്റ്റിട്ട് തച്ചങ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയടിയും നേടി തച്ചങ്കരി മുന്നേറുമ്പോള്‍ മറുവശത്ത് തൊഴിലാളി യൂണിയന്‍കാര്‍ അസഹിഷ്ണതയാല്‍ പൊറുതിമുട്ടുകയായിരുന്നു. യൂണിയനുകളെ കൊല്ലുന്ന തച്ചങ്കരിയെ ആനവണ്ടിയുടെ തലപ്പത്ത് ഇരുത്താനാകില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ പിണറായിയുടെ പിന്തുണ തച്ചങ്കരിയെ രക്ഷിക്കുമെന്ന് ഏവരും കരുതിയിരുന്നപ്പോഴാണ് സിപിഎം നേരിട്ട് കളത്തിലിറങ്ങിയത് ഇതോടെ പിണറായിക്കും പിടിവിട്ടു

പാര്‍ട്ടിയിലും ഭരണത്തിലും കുറച്ചു കാലം മുമ്പ് വരെ പിണറായിയായിരുന്നു അവസാന വാക്ക്. ഈ ബലത്തിലാണ് ഒന്നരക്കൊല്ലം കെഎസ്ആര്‍ടിസിയില്‍ ഇരിക്കാന്‍ തനിക്കാകുമെന്ന് തച്ചങ്കരി പ്രതീക്ഷിച്ചത്. എന്നാല്‍ ശബരിമലയില്‍ കെഎസ്ആര്‍ടിസി മുന്നോട്ട് കുതിച്ചപ്പോള്‍ ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി. യുവതി പ്രവേശനത്തെ തുടര്‍ന്ന് പിണറായിയ്‌ക്കെതിരേ എതിര്‍ സ്വരങ്ങള്‍ സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ അത് വന്‍പൊട്ടിത്തെറിയിലേക്ക് മാറുമെന്നു തീര്‍ച്ചയാണ്.

അതുകൊണ്ട് തന്നെ അവസരമുപയോഗിച്ച് ഭരണത്തിന്റേയും അധികാരത്തിന്റേയും കടിഞ്ഞാണ്‍ എകെജി സെന്ററിലെത്തിക്കാനാണ് നീക്കം. പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ളത് സര്‍ക്കാര്‍ ചെയ്താല്‍ മതിയെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതിശക്തമായ ഇടപെടല്‍ കോടിയേരി തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമാണ് കെഎസ്ആര്‍ടി സിയിലെ അഴിച്ചു പണി. തൊഴിലാളി യൂണിയനുകള്‍ പിണങ്ങി മാറായിയാല്‍ പാര്‍ട്ടിക്ക് അത് ദോഷം ചെയ്യുമെന്നാണ് കോടിയേരിയുടെ നിലപാട്. അതുകൊണ്ട് തന്നെ തച്ചങ്കരിയെ മാറ്റിയേ മതിയാകൂവെന്ന് പിണറായിയെ കോടിയേരി ഓര്‍മിപ്പിച്ചു. പിണറായിക്ക് അത് അനുസരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ. ു.

സിപിഎമ്മില്‍ വലുത് പാര്‍ട്ടി സെക്രട്ടറിയാണ്. അത് അംഗീകരിച്ച് മാത്രമേ ഇനി പിണറായി മുന്നോട്ട് പോകൂ. കെഎസ്ആര്‍ടിസിയില്‍ നിന്ന് തച്ചങ്കരിയെ മാറ്റിയതും പിണറായി തോല്‍വി സമ്മതിച്ചതിന്റെ സൂചനയാണ്. പാര്‍ട്ടി എന്നാല്‍ പിണറായി എന്ന അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതില്‍ ബോധോദയമുണ്ടായ കോടിയേരിയുടെ നീക്കമാണ് തച്ചങ്കരിയുടെ അടിതെറ്റിച്ചത് എന്ന വിലയിരുത്തലുകളുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കു തിരിച്ചടിയുണ്ടായാല്‍ കോടിയേരി വീണ്ടും കരുത്തു കാട്ടുമെന്നാണ് സൂചന. കോടിയേരിയും പാര്‍ട്ടിയിലെ നേതാക്കളും എതിര്‍ത്തിട്ടും പിണറായിയുടെ പിന്‍ബലത്തില്‍ പിടിച്ചു നിന്ന തച്ചങ്കരിയെ മാറ്റുമെന്ന കാര്യം ഒരു മാസം മുമ്പേ യൂണിയന്‍ നേതാക്കള്‍ ഉറപ്പിച്ചിരുന്നു.

ഇതാണ് ഇപ്പോള്‍ നടപ്പാക്കുന്നത് ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം പിണറായിയുടെ ഏകപക്ഷീയത അംഗീകരിക്കില്ലന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് തച്ചങ്കരിയില്‍ കോടിയേരി നിലപാട് കടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനം എടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എംപി.ദിനേശിനാണു പകരം ചുമതല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. കെഎസ്ആര്‍ടിസി തലപ്പത്ത് തച്ചങ്കരി ഒരു വര്‍ഷം തികയ്ക്കാന്‍ രണ്ടര മാസത്തോളം ശേഷിക്കേയാണു സ്ഥാനചലനം.

സിഎംഡി ആയിരുന്ന ഡിജിപി എ.ഹേമചന്ദ്രനില്‍നിന്നാണു തച്ചങ്കരി ചുമതലയേറ്റത്. കെഎസ്ആര്‍ടിസി ആസ്ഥാനത്തു തബല വായിച്ചുകൊണ്ടു തച്ചങ്കരി ചുമതലയേറ്റതു വലിയ വാര്‍ത്തയായിരുന്നു. തച്ചങ്കരിയുടെ പല നടപടികളും സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയനുകളുടെയും എതിര്‍പ്പു ക്ഷണിച്ചുവരുത്തി. തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ രണ്ടു സിപിഎം പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. ജീവനക്കാരുടേയും യൂണിയന്‍ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകളും തുടര്‍ച്ചയായി നേരിടേണ്ടി വന്നു. തച്ചങ്കരിയെ കെഎസ്ആര്‍ടിയിലേക്കു കൊണ്ടുവരുന്നതിനോടു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിണറായിയുടെ മധ്യസ്ഥതയില്‍ ശശീന്ദ്രനെ അനുനയിപ്പിച്ച ശേഷമായിരുന്നു നിയമനം.

പൊലീസില്‍ തസ്തിക വേണമെന്ന തച്ചങ്കരിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു സ്റ്റേറ്റ്് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു. എഡിജിപിയെന്ന നിലയില്‍ തച്ചങ്കരിയുടെ ശമ്പളവും അലവന്‍സുകളുമെല്ലാം പൊലീസില്‍നിന്നു നല്‍കിയിരുന്നതിനാല്‍ കെഎസ്ആര്‍ടിസിക്കു സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നില്ല. മാനേജിങ് ഡയറക്ടര്‍ സ്ഥാനമേറ്റു കാര്യങ്ങള്‍ ഒരുവിധം പഠിച്ചു പരിഷ്‌കരണ നടപടികള്‍ തുടങ്ങിവയ്ക്കുമ്പോഴേക്കും മാറ്റുകയെന്ന സമീപനം തച്ചങ്കരിയെ നീക്കിയതിലൂടെ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. കെഎസ്ആര്‍ടി സിയിലെ ഇടത് അനുകൂല സംഘടന സിഐടിയുമായുള്ള അഫിലിയേഷന്‍ പിന്‍വലിക്കുമെന്ന് പോലും ഭീഷണി മുഴക്കിയിരുന്നു. ഇത് കണ്ടില്ലെന്ന് നടിച്ച് തച്ചങ്കരിയെ തുണയ്ക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്നാണ് കോടിയേരി വാദിച്ചത്.തിരുവനന്തപുരം ഡിസിപി ചൈത്രാ തേരേസാ ജോണിനെതിരെ നടപടി വേണമെന്ന വാദം സിപിഎം സജീവമാക്കുന്നതിന് പിന്നിലും കോടിയേരിയുടെ ബുദ്ധിയാണ്.

കെഎസ്ആര്‍ടിസിയില്‍ വികസനോന്മുഖവും ആദായപരവുമായ മാറ്റങ്ങള്‍ സമൂലമായി വരുത്താനുള്ള തച്ചങ്കരിയുടെ ശ്രമങ്ങള്‍ക്കാണ് കോടിയേരി സഡന്‍ ബ്രേക്കിട്ടത്.
കോര്‍പറേഷനില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തതും വഴി തച്ചങ്കരി പിണറായിയുടെ അതിവിശ്വസ്തനായത് കോടിയേരിയെ അലോസരപ്പെടുത്തി. തച്ചങ്കരിക്ക് പൊലീസില്‍ പ്രധാന പദവികള്‍ നല്‍കാന്‍ കോടിയേരി സമ്മതിക്കില്ലെന്നാണ് വിവരം. ഇ

ടോമിന്‍ തച്ചങ്കരിയെ മാറ്റുന്ന കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. പതിവു നിയമനങ്ങള്‍ പോലെ തന്നെ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായിട്ടാണ് ഇക്കാര്യവും മന്ത്രിസഭ പരിഗണിച്ചത്. മന്ത്രിപോലും ഇത് കേട്ട് ഞെട്ടി. സാധാരണ വകുപ്പ് മന്ത്രിമാരുടെ കൂടി നിലപാട് അറിഞ്ഞ ശേഷമേ ഇത്തരത്തിലെ മാറ്റങ്ങള്‍ വരുത്തൂ. എന്നാല്‍ പാര്‍ട്ടിയുടെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമായതിനാല്‍ പിണറായി അതീവ രഹസ്യമായി എല്ലാം സൂക്ഷിച്ചു. മന്ത്രിസഭയില്‍ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. തച്ചങ്കരിക്കും സൂചനയൊന്നും കൊടുത്തിരുന്നില്ല. അങ്ങനെ ഏവരേയും അത്ഭുതപ്പെടുത്തി ആനവണ്ടിയെ കരകയറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച തച്ചങ്കരിയെ മുഖ്യമന്ത്രിയും മറന്നു. അതിനിടെ മാറ്റം സ്വാഭാവിക നടപടിക്രമമാണെന്നും താന്‍ ഗതാഗതമന്ത്രിയായ ശേഷമുള്ള നാലാമത്തെ സിഎംഡിയെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നതെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. ഏറെ പ്രതീക്ഷയുണര്‍ത്തിയ തച്ചങ്കരി തെറിച്ചതോടെ ഇനി കെഎസ്ആര്‍ടിസിയുടെ കാര്യം ഇനി എന്താവുമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവയ്ക്കുന്നു.

Related posts