പെരുവന്താനം: റോഡിന്റെ വശത്തെ ചെങ്കുത്തായ കയറ്റത്തിൽനിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻവശത്തിടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം.
ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം നാല്പതാം മൈലിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി രാജുവിനു പരിക്കേറ്റു.പാറക്കല്ല് ഇടിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം തകർന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്.
കുമളിയിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകു ഭാഗത്താണ് പാറക്കല്ല് ഉരുണ്ടുവന്ന് ഇടിച്ചത്.ഇതു മധ്യഭാഗത്തായിരുന്നെങ്കിൽ ബസ് മറിയാനുള്ള സാധ്യത ഏറെയായിരുന്നു. റോഡിന്റെ താഴ്ഭാഗത്ത് വലിയ ഗർത്തമാണ്. വാഹനത്തിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗത തടസമുണ്ടായി. പെരുവന്താനം പോലീസും ഹൈവേ പോലീസും ചേർന്ന് വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.ഏതാനും മാസങ്ങൾക്കു മുമ്പ് പുല്ലുപാറയ്ക്ക് സമീപവും റോഡിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നുവീണിരുന്നു. അന്നും തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്.
