ചാത്തന്നൂർ: അടുത്ത തിങ്കളാഴ്ച 11 കോടി വരുമാനം നേടാൻ ടാർഗറ്റുമായി കെഎസ്ആർടി സി . ഓണം കഴിഞ്ഞ് ആദ്യത്തെ തിങ്കളാഴ്ച 10.19 കോടി ടിക്കറ്റ് വരുമാനം നേടിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യത്തെ തിങ്കളാഴ്ച 11 കോടി വരുമാനം നേടുക എന്നതാണ് ലക്ഷ്യം. സിഎംഡി പ്രമോജ് ശങ്കർ ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ദിവസം നൽകി.
ഓണം, ഉത്സവം തുടങ്ങിയ ആഘോഷങ്ങൾ കഴിഞ്ഞുള്ള ആദ്യതിങ്കളാഴ്ചകളിലാണ് കെഎസ് ആർടിസി ഏറ്റവും കൂടുതൽ വരുമാനം നേടുന്നതും ലാഭകരമായി ആ ദിവസങ്ങൾ മാറ്റുന്നതും. ഈ തിങ്കളാഴ്ച 11 കോടിയിലധികമാണ് ടാർഗറ്റ്. പമ്പയൂണിറ്റിനാണ് ഏറ്റവും വലിയ ടാർഗറ്റ്. 65 ലക്ഷം. തിരുവനന്തപുരംസിറ്റി യൂണിറ്റിന് 41 ലക്ഷവും കോഴിക്കോട് യൂണിറ്റിന് 35 ലക്ഷവുമാണ് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ളത്.
ടാർഗറ്റ് നേടുന്നതിന് മുൻകൂട്ടി പ്ലാൻ ചെയ്യണം. ഓരോ യൂണിറ്റിനുമുള്ള ടാർഗറ്റ് തുക ഓരോ ജീവനക്കാരനും ഓരോ സൂപ്പർ വൈസർക്കുമായി യൂണിറ്റ് ടാർജറ്റിനെ സ്പ്ലിറ്റ് ചെയ്ത് നൽകണം. കണ്ടക്ടർമാരെ പോസ്റ്റ് ചെയ്ത് ടാർഗറ്റ് നൽകുകയും ഡ്രൈവർക്ക് ടാർഗറ്റ് വിവരവും ബസും മുൻകൂട്ടി നൽകുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
അനധികൃത ലീവ്, ആബ്സെൻ്റ് എന്നിവ ഒഴിവാക്കി കൃത്യമായി ജിവനക്കാർ എത്തുന്നുവെന്നും അനധികൃത അവധികൾ അനുവദിക്കപ്പെടുന്നില്ല എന്നും ഉറപ്പാക്കണം.ഒരേ ഒരു ലക്ഷ്യം 11 കോടി ഇതിനായി ഓരോ യൂണിറ്റും മുഴുവൻ ബസും ഡോക്കിൽ നിന്ന് ഇറക്കി ഓടിക്കണം. ഇതാണ് തിങ്കളാഴ്ചയിലെ കെ എസ് ആർടിസിയുടെ മുദ്രാവാക്യം.
- പ്രദീപ് ചാത്തന്നൂർ
