അനന്തപുരിയില്‍ മാസ്  എന്‍ട്രിയുമായി കുമ്മനം കളത്തിലിറങ്ങിയപ്പോള്‍ ഞെട്ടിയവരില്‍ ബിജെപി നേതാക്കളും ! കുമ്മനത്തിന്റെ വരവ് പോരാട്ടം കടുകട്ടിയാക്കുമെന്ന് സി. ദിവാകരന്‍; തരൂരിന്റെ ഹാട്രിക് സ്വപ്‌നം പൊലിയുമോ ?

തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ശശി തരൂര്‍ ഇറങ്ങുമ്പോള്‍ നെടുമങ്ങാട് എംഎല്‍എ സി ദിവാകരനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. അപ്പോഴും തിരുവനന്തപുരത്ത് നിര്‍ണായക ശക്തിയായ ബിജെപിയുടെ സ്ഥാനാര്‍ഥിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടേത് മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ പേരുവരെ തിരുവനന്തപുരം സീറ്റിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കുമ്മനത്തിന്റെ മാസ് എന്‍ട്രി ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് കുമ്മനം കൂടി എത്തിയതോടെ മത്സരം കടുക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായ തലസ്ഥാനത്ത് കുമ്മനം എത്തുമ്പോള്‍ ബിജെപി പ്രവര്‍ത്തകരും ആഹ്ലാദത്തിലാണ്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിയാതെ ബിജെപി വലയുന്നു എന്ന രീതിയില്‍ ചര്‍ച്ചകള്‍വരെ ഉണ്ടായെങ്കിലും തലസ്ഥാന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നേരിട്ട് നിര്‍ത്തുമെന്ന് അമിത് ഷാ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

സംസ്ഥാന നേതാക്കള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കണമെങ്കില്‍ അതിന് കുമ്മനം തന്നെ രംഗത്ത് വരണം എന്ന് ദേശീയ നേതൃത്വവും മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. കുമ്മനത്തെ മണ്ഡലം പിടിക്കാന്‍ നിയോഗിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും തന്നെ മോദി-അമിത് ഷാ സഖ്യം ലക്ഷ്യം വയ്ക്കുന്നുമില്ല.

എന്തു വിലകൊടുത്തും കേരളത്തില്‍ സീറ്റ് നേടണമെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. ശബരിമല വിഷയമുള്‍പ്പെടെ പാര്‍ട്ടിയ്ക്ക് അനുകൂലമായ സാഹചര്യമാണിപ്പോഴെന്നും ഗ്രൂപ്പുപോരില്‍ മണ്ഡലം നഷ്ടപ്പെടാതിരിക്കാനുമാണ് സ്ഥാനാര്‍ഥിയെ ഷാ-മോദി സഖ്യം നേരിട്ട് തീരുമാനിച്ചത്.

സൈബര്‍ ഇടങ്ങളില്‍ ഒരു വശത്ത് പരിഹാസങ്ങള്‍ക്ക് ഇരയാകുമ്പോഴും മറുവശത്ത് ജനകീയ പരിവേഷം ഉയര്‍ന്ന് വരുന്നതും ശ്രദ്ധിച്ചതിന് പിന്നാലെയാണ് മോദി കുമ്മനത്തിനെ ഗവര്‍ണ്ണറായി മിസോറാമിലേക്ക് അയച്ചത്.പാര്‍ട്ടി ദേശീയ നേതൃത്വത്തിന് അയച്ച പട്ടികയില്‍ ജില്ലാ നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടിലെ ഒരു സൂചന എടുത്ത് പറഞ്ഞിരുന്നു സംസ്ഥാന ഘടകം. കുമ്മനം മത്സരിച്ചാല്‍ തിരുവനന്തപുരം പിടിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടിയിരുന്നത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ വലിയ ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക്.

മുന്‍പ് മിസോറാം ഗവര്‍ണറായതിന് ശേഷം കേരളത്തിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് പൗരസമിതി നല്‍കിയത്. വന്‍ ജനപങ്കാളിത്തം കൊണ്ട് ആ സ്വീകരണം ശ്രദ്ധേയമായിരുന്നു. വേദിയും പരിപാടി നടന്ന ടാഗോര്‍ തീയറ്ററും നിറഞ്ഞ് കവിഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് എത്താന്‍ കഴിയാതെ നിരാശരായി മടങ്ങിയത്. ശബരിമല വിഷയം നേരിട്ട് ബാധിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ഒ രാജഗോപാല്‍ വെറും 15000 വോട്ടുകള്‍ക്കാണ് തോറ്റത്.

സംസ്ഥാനത്ത് ശബരിമല സമരം ശക്തമായപ്പോള്‍ കുമ്മനം കേരളത്തിലേക്ക് മടങ്ങണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊ്ട്ട് മുന്‍പ് ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ പദവിയിലേക്ക് എത്തി മാസങ്ങള്‍ മാത്രം ആ കസേരയിലിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി അദ്ദേഹത്തെ തിരിച്ച് വിളിക്കുകയാണ്. സംസ്ഥാനത്ത് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും അന്തിമ തീരുമാനമായ ആദ്യത്തെ മണ്ഡലമായും തലസ്ഥാനം മാറുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ തന്റെ സ്വീകാര്യത മുന്‍പും തെളിയിച്ച വ്യക്തിയാണ് കുമ്മനം.

1987ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തിരുവനന്തപുരത്ത് രണ്ടാമതെത്തിയ ചരിത്രമുണ്ട് കുമ്മനത്തിന്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിച്ച് കുമ്മനം രണ്ടാമത് എത്തിയിരുന്നു. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും 15000 വോട്ടുകളായിരുന്ന മണ്ഡലത്തിലാണ് കുമ്മനം 43000 വോട്ടുകള്‍ നേടിയത്. നിലവിലെ സാഹചര്യത്തില്‍ കുമ്മനത്തിന്റെ വരവ് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് നിറച്ചിരിക്കുന്നത്.

Related posts