വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
സന്ധിവാതം പലവിധം
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം.
ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. വേദനയ്ക്കു മാത്രമല്ല, കാൽ വളയുന്നതിനും ഇതു കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി
തേയുന്നതാണ് വളവിന്റെകാരണം.
തുടക്കത്തിൽ ചികിത്സിച്ചാൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. അമിത ശരീരഭാരം നിയന്ത്രിക്കുന്നതു തേയ്മാനം തടയാന്‍ സഹായകം. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം.
(തുടരും)

