പരവൂർ: രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്സ്പ്രസായ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു.
മെയ് 28-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് മുതലാണ് പുതിയ കോച്ചുകൾ അനുവദിക്കുക. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച സുരക്ഷിതമായ കോച്ചുകൾ എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
പുതിയ എൽഎച്ച്ബി റേക്കിലും 22 കോച്ചുകളുണ്ടാകും. മൂന്ന് എസി ചെയർകാറുകളിലായി 234 സീറ്റുകളും (ഓരോന്നിലും 78 സീറ്റുകൾ), 17 സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലായി 1836 സീറ്റുകളും (ഓരോന്നിലും 108 സീറ്റുകൾ) ലഭ്യമാകും. ഇതോടൊപ്പം എസ്എൽആർ കോച്ചുകളിൽ 30 പേർക്ക് കൂടി യാത്ര ചെയ്യാം.
യാത്രാസുരക്ഷ വർധിപ്പിക്കുമെങ്കിലും പുതിയ കോച്ചുകളിലെ സീറ്റുകൾ ഏത് രീതിയിലുള്ളതാണെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്.
നേരത്തെ കണ്ണൂർ ജനശതാബ്ദി എൽഎച്ച്ബിയിലേക്ക് മാറിയപ്പോൾ മെമു വണ്ടികളിലേതിന് സമാനമായ സീറ്റുകൾ നൽകിയത് ദീർഘദൂര യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.
പരാതികൾ വർധിച്ചതോടെ വേണാട് എക്സ്പ്രസിന്റെ പഴയ എൽഎച്ച്ബി കോച്ചുകൾ കൂട്ടിക്കലർത്തിയാണ് നിലവിൽ കണ്ണൂർ ജനശതാബ്ദി സർവീസ് നടത്തുന്നത്. കോഴിക്കോട് ജനശതാബ്ദിയിൽ മികച്ച നിലവാരത്തിലുള്ള സീറ്റുകൾ തന്നെ ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പുതിയ കോച്ചുകൾ എത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
