കാട് സ്വന്തം വീട് പോലെ ! കാമുകിയെ ഉയരമുള്ള മരത്തിന്റെ മുകളില്‍ കയറ്റിയ ശേഷം രാത്രിയില്‍ ഭക്ഷണം തേടി പോകും; 17കാരിയെയും കൊണ്ട് കാട്ടില്‍ ത്രില്ലിംഗ് ജീവിതം നയിച്ച അപ്പു നാട്ടുകാര്‍ക്ക് ടാര്‍സന്‍

കട്ടപ്പന: പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാര്‍. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പിന്നീടുള്ള താമസം മലമുകളിലെ പാറമടക്കുകളിലും ഗുഹകളിലുമൊക്കെയായി. കൃഷിക്കാര്‍ സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ കവര്‍ന്ന് പാകം ചെയ്ത് ഭക്ഷിച്ചു. കൃഷിയിടങ്ങളിലെ കപ്പയും തേങ്ങയുമെല്ലാം ഭക്ഷണമാക്കി പകല്‍ ഒളിച്ചിരുന്നു.

കാമുകിയെ 10 അടിയോളം ഉയരമുള്ള മരത്തില്‍ കയറ്റി ഇരുത്തിയ ശേഷമായിരുന്നു കാമുകനായ അപ്പു രാത്രിയില്‍ ഭക്ഷണവും അടുത്ത സുരക്ഷിത താവളവും തേടി പുറത്തിറങ്ങിയിരുന്നത്.നാടുകടക്കുന്നതിനുള്ള നീക്കത്തിനിടെ ഇന്നലെ പൊലീസ് പിടിയിലായ മേലുകാവ് സ്വദേശി അപ്പു കാമുകിയുമൊത്തുള്ള തന്റെ മൂന്നാഴ്ചയിലേറെ നീളുന്ന ഒളിവ് ജിവിതത്തെക്കുറിച്ച് പൊലീസില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെയാണ്. മോര്‍ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്‍മല എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17കാരിക്കൊപ്പം താന്‍ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പലപ്പോഴും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചില്‍ സംഘങ്ങളെ വെട്ടിച്ച് കടന്ന ഇരുവരും അപ്രതീക്ഷിത റെയ്ഡില്‍ ഇരുവഴിയ്ക്ക് പിരിഞ്ഞതോടെയാണ് പിടിയിലാകുന്നത്. മുള്ളന്‍ പന്നിയെയും കാട്ടുകോഴിയെയും മറ്റും പിടിക്കാനായി ഈ പ്രദേശങ്ങളിലെല്ലാം മുമ്പ് പലവട്ടം കറങ്ങിയിട്ടുള്ളതിനാല്‍ ഇവിടുത്തെ ഷെഡുകളെക്കുറിച്ചും ഗുഹകളെക്കുറിച്ചുമെല്ലാം അപ്പുവിന് നിശ്ചയമുണ്ടായിരുന്നു.

മലമുകളില്‍ ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഷെഡുകളിലും ഗുഹകളിലുമൊക്കെയായിരുന്നു അപ്പുവും കാമുകിയും കഴിഞ്ഞിരുന്നത്. താഴ്വാരത്ത് പൊലീസിനേയൊ നാട്ടുകാരെയോ കണ്ടാല്‍ ഉടന്‍ ഇവര്‍ താമസസ്ഥലം മാറും. ഇതുമൂലമാണ് ഇവര്‍ക്ക് ആരുടെയും കണ്ണില്‍പ്പെടാതെ മൂന്നാഴ്ചയിലേറെ മലമുകളില്‍ കഴിയാന്‍ കഴിഞ്ഞത്. ഇവര്‍ ഒളിവില്‍ കഴിഞ്ഞ പ്രദേശങ്ങില്‍ 30 ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറുതും വലുതമായി നിരവധി കൃഷിയിടങ്ങളുണ്ട്.

ഇവയില്‍ പലതും കാടുമൂടിയ നിലയിലാണ്. കൂടാതെ സര്‍ക്കാര്‍ പുറമ്പോക്കുമുണ്ട്. പണി നടക്കുന്ന കൃഷിയിടങ്ങളില്‍ രാവിലെ പണിക്കാരെത്തുമെങ്കിലും വൈകിട്ടോടെ തിരിച്ചുപോകും. ഈ സമയത്താണ് അപ്പു ഷെഡുകളിലെത്തി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് പാകം ചെയ്ത് കാമുകിയുമൊത്ത് വിശപ്പകറ്റിയിരുന്നത്.
ഇത് തരപ്പെടാത്ത അവസരങ്ങളില്‍ തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. മലമടക്കുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഉണ്ടായിരുന്നതിനാല്‍ വെള്ളത്തിന് പഞ്ഞമില്ലായിരുന്നു.

രാത്രി അപ്പുപുറത്തുപോകുന്ന അവസരത്തില്‍ വന്യ മൃഗങ്ങളുടേയൊ മറ്റോ ആക്രമണം ഉണ്ടാകാതിരിക്കാന്‍ തന്നെ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു.തങ്ങള്‍ കഴിഞ്ഞിരുന്ന മലമുകളില്‍ അധികം പൊക്കമില്ലാത്ത, ചുവടുമുതല്‍ ശിഖരങ്ങളുള്ള മരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നതെന്നും അതിനാല്‍ മരത്തില്‍ക്കയറിക്കൂടുക വിഷമകരമായിരുന്നില്ലന്നും പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.

കാമുകിയുമൊത്തുള്ള ഒളിവ് ജിവിതം ത്രില്ലിംഗായിരുന്നു എന്നാണ് അപ്പുവിന്റെ പക്ഷം. പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതില്‍ അതി വിദഗ്ധനാണ്. ടാര്‍സന്‍ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇന്നലെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോള്‍ അപ്പുവിനൊപ്പം ജീവിക്കണമെന്ന് വാശിപിടിച്ചിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇന്ന് രാവിലെ നിലപാട് മാറ്റിയിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.അപ്പുവിനെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

Related posts