കൊച്ചി: നടന് ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന് നല്കിയ പരാതി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താന്‍ നല്കിയ പരാതിയില്‍ എഫ്ഐആര്‍ പോലും ഇടാതെ പോലീസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് കടവന്ത്ര പോലീസ്.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു പോലീസ്. ഇതോടെയാണ് അന്‍സിബ കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്.
അതേസമയം, നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനുമെതിരെ അന്‍സിബ ഇന്നലെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ലക്ഷ്മിപ്രിയ അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വീഡിയോ പ്രചരിപ്പിച്ചു. തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ച ലക്ഷ്മിപ്രിയ, അതിന് ഒത്താശ ചെയ്ത ചാനല്‍ ഉടമ സുകുമാര്‍, ഗൂഢാലോചന നടത്തിയ ശ്വേത മേനോന് എന്നിവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അന്‍സിബ പരാതി നല്‍കിയത്.
‘അമ്മ’ സംഘടന ഭരണസമിതി ഒന്നടങ്കം രാജി വച്ചൊഴിഞ്ഞതില് ലക്ഷ്മിപ്രിയക്കും മുന്‍ പ്രസിഡന്റ് ആയ ശ്വേത മേനോനും തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും അതിനാല്‍ തനിക്കെതിരെ പിആര്‍ വര്‍ക്കുകളും അശ്ലീല പരാമര്‍ശങ്ങളും നടത്തുകയാണ് എന്ന് അന്‍സിബ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
