പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം.
അഴീക്കോട് സ്വദേശി കെ. ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു.
കുത്തേറ്റ മൂന്നുപേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയക്കും വയറിനുമാണ് കുത്തേറ്റത്.
മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
