അനാശാസ്യ പ്രവര്‍ത്തനത്തിന് വീടു നല്‍കിയില്ല; വീട്ടുടമയെ റിട്ടയേര്‍ട്ട് എഎസ്‌ഐ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചശേഷം; വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

fb-ktm-arrest

കടുത്തുരുത്തി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയെ മര്‍ദിക്കുകയും പണവും ഉപകരണങ്ങളും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ റിട്ട എഎസ്‌ഐ ഉള്‍പ്പെടെ അഞ്ച് പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ മറ്റു മൂന്ന് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഈ മാസം ഒന്നിന് കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വാറ്റുപുര ഭാഗത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കീപ്പള്ളി

മ്യാലില്‍ മണിയന്‍ എന്നു വിളിക്കുന്ന വിജയനാണ് പരാതിക്കാരന്‍. അതിരമ്പുഴ സ്വദേശി തെക്കേ ഇരട്ടനായില്‍ അനൂപ് (35), കൈപ്പുഴ ഓണംതുരുത്ത് കരികുളത്തില്‍ റിട്ട. എഎസ്‌ഐ മോഹനന്‍ (66), കടപ്ലാമറ്റം പെണ്ണാപറമ്പില്‍ കൊച്ചാപ്പി എന്നു വിളിക്കുന്ന സുനില്‍ (45), ഏറ്റുമാനൂര്‍ പുന്നവേലിതടത്തില്‍ പൊട്ടാസ് എന്ന് വിളിക്കുന്ന ജോമോന്‍ (36), പുന്നത്തുറ കമ്പിനിമല പള്‍സര്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

സംഭവദിവസം എട്ടംഗ പ്രതികള്‍  ഓട്ടോറിക്ഷയിലെത്തി വിജയനെ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ചു കയറ്റി വിജയന്റെ കടപ്പൂരുള്ള വീട്ടിലെത്തിച്ചു മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വിജയന്റെ വീട്ടില്‍ നിന്നും പണവും മറ്റും മോഷ്ടിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് പ്രതികള്‍ വാറ്റുപുര ഷാപ്പിലുണ്ടെന്ന് വിവരം അറിഞ്ഞ് വിജയന്‍ തന്നെ മര്‍ദിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തത് ചോദിക്കാനെത്തിയപ്പോള്‍ പ്രതികള്‍ വീണ്ടും ഇയാളെ മര്‍ദിക്കുകയും കള്ള് കോരി തലയിലൂടെ ഒഴിക്കുകയുമായിരുന്നു.

ഈ സമയം ഇതുവഴി സ്വകാര്യ വാഹനത്തില്‍ കടന്നുപോയ ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ ഗോപകുമാര്‍ വിജയനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇദേഹത്തെയും മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിജയന്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതികളില്‍ അനൂപ്, മോഹനന്‍, സുനില്‍ എന്നിവരെ കുറവിലങ്ങാട് എസ്‌ഐ കെ.എസ്. ജയന്‍, ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പോലീസ് ടീമംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ 18ന് വയനാട് നൂല്‍പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മൂവരെയും പിടികൂടിയത്. ജോമോന്‍, കണ്ണന്‍ എന്നിവര്‍ കൃത്യം നടന്ന ദിവസം പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷമായി വരുന്ന വഴി 25ന് കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാര്‍, കടുത്തുരുത്തി എസ്‌ഐ ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ അയര്‍കുന്നത്തുനിന്നും പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. വിജയന്റെ വീട്ടില്‍ മദ്യപിക്കുന്നതിനും അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതിനും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിജയനെ മര്‍ദിക്കുകയും മോഷണം നടത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിലും തടസം പിടിക്കാനെത്തി എസ്‌ഐ മര്‍ദിച്ച കേസിലുമാണ് അറസ്റ്റെന്ന്  സിഐ ബിനുകുമാര്‍ പറഞ്ഞു.

Related posts