ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്നു പിടികൂടിയത്.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെനിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാസംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്നത്. ഇയാൾ ആർക്കു വേണ്ടിയാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്നും ഇയാൾക്ക് പണം നൽകിയത് ആരാണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
