മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ട്രംപിന് എതിരേ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന ഇറാന് സ്പോര്‍ട്സ് മന്ത്രിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ട്രംപ് നടത്തിയത്.
എന്നാല്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, കളിക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്തു നീതി എന്നതായിരുന്നു ഇറാന്റെ മറു ചോദ്യം. “ഇറേനിയന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക്, ഞങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്കു പോകില്ല’’- മെക്സിക്കോയിലെ ഇറേനിയന്‍ എംബസിയുടെ എക്സ് അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലൂടെ മെഹ്ദി താജ് വ്യക്തമാക്കി.
മൂന്നു കളിയും അമേരിക്കയില്‍
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം.
ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്റെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍. 2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്.
