മാന്നാർ: ജനസേവനവും നിയമസംരക്ഷണവും മാത്രമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ഞങ്ങളുടെ കടമയാണെന്നു കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ് മാന്നാറിലെ ഈ ദമ്പതികൾ. പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണനും പഞ്ചായത്തംഗമായ ശാന്തിനിക്കും ജോലിത്തിരക്കുകൾക്ക് ഇടയിലും വ്യത്യസ്തമായ കൃഷി ഇനങ്ങൾ നട്ടുനനച്ച് വിളവെടുക്കാൻ സമയം കണ്ടെത്തുന്നുവെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
വേനലിന്റെ കാഠിന്യം ഏറിവരുമ്പോൾ ആരോഗ്യസംരക്ഷണത്തിനുതകുന്ന എല്ലാ തരത്തിലും ഉള്ള വിഷരഹിത പച്ചക്കറികളും മറ്റും ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ. പൊട്ടുവെള്ളരി, ഷമാം, കുക്കുമ്പർ, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഇവർ.
കൂടാതെ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ എഎസ്ഐ മാന്നാർ വിഷവർശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രതിനിധിയായ ശാന്തിനി ബാലകൃഷ്ണനും ഒഴിവ് സമയങ്ങളിൽ കൃഷി സ്ഥലത്തായിരിക്കും.
ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത് ലാലുവാണ് കൃഷിക്കു വേണ്ട സഹായങ്ങൾ നൽകിവരുന്നത്. മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ ആവശ്യമായ നിർദേശങ്ങളും മറ്റ് സഹായങ്ങളും നൽകുന്നു. ബാലകൃഷ്ണന്റെ സുഹൃത്തായ വാന്യത്ത് തെക്കേതിൽ ഉണ്ണികൃഷ്ണന്റെ 80 സെന്റുൾപ്പെടെ ഒന്നര ഏക്കറോളം സ്ഥലത്താണ് ഇവരുടെ ജൈവകൃഷി. ഒപ്പം നാലേക്കർ പാടത്ത് നെൽകൃഷിയും. പരമ്പരാഗത നെൽകർഷകനായ ബാലകൃഷ്ണൻ രണ്ടുവർഷം മുമ്പാണ് തണ്ണിമത്തൻ ഉൾപ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്.
തണ്ണിമത്തനും കുക്കുമ്പറും ഷമാമുമൊക്കെ കഴിഞ്ഞവർഷവും നൂറുമേനി വിളവെടുത്തിട്ടുട്ടെങ്കിലും പൊട്ടുവെള്ളരി കൃഷിയിൽ ആദ്യമായിട്ടാണ് കൈവയ്ക്കുന്നത്. പൊട്ടുവെള്ളരി കൂടുതലായി കൃഷി ചെയ്യുന്ന ചേർത്തലയിൽ പോയി കണ്ടും കേട്ടും പഠിച്ചാണ് ബാലകൃഷ്ണൻ മാന്നാറിലാദ്യമായി പൊട്ടുവെള്ളരി കൃഷി ഇറക്കിയത്.
സൂക്ഷ്മ നാരുകൾ അടങ്ങിയിട്ടുള്ള പൊട്ടുവെളളരിക്ക് ശരീര താപനില എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. കരളിന്റെയും വൃക്കകളുടെയും ആരോഗ്യത്തിനും നല്ലതാണ്. പൊട്ടുവെള്ളരി കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം വലിയ ഉത്സവ പ്രതീതിയിലാണ് നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കൃഷിയിലൂടെ വരുമാനം മാത്രമല്ല, ജീവിതത്തിന് ഉണർവും സന്തോഷവും ലഭിക്കുമെന്നാണ് രണ്ടാം തവണയും പഞ്ചായത്തംഗമായ കർഷക ശാന്തിനിയും 2018ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായിട്ടുള്ള ബാലകൃഷ്ണനും പറയുന്നത്. ചെങ്ങന്നൂർ വിഎച്ച്എസ്ഇയിൽ പ്ലസ് ടു വിദ്യാർഥിനിയായ ദേവീകൃഷ്ണ ഏക മകളാണ്.
