തിരുവനന്തപുരം: വാട്സാപ്പ് വഴി പ്രചരിക്കുന്ന “മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം” എന്ന പേരിലുള്ള സന്ദേശം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മിൽമ മുന്നറിയിപ്പ് നൽകി.
വ്യാജ ലിങ്കുകൾക്കെതിരെ മിൽമ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ പ്രശസ്തിക്കും വിശ്വാസ്യതാ തകർക്കാനും ശ്രമിക്കുന്ന ഇത്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പരാതി മിൽമ അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് “മിൽമ വാർഷികാഘോഷ സമ്മാനം” എന്ന പേരിൽ സമാനമായ മറ്റൊരു വ്യാജ ലിങ്കും വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നു. അന്ന് മിൽമ സ്വീകരിച്ച ശക്തമായ നിയമനടപടികളെ തുടർന്നാണ് ആ വ്യാജ പ്രചാരണം തടയാനായത്.
