ഇനി മഞ്ഞപ്പട ഫാന്‍സ് തകര്‍ക്കുക അനസിനേയും സഹലിനേയും, ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പോയശേഷമാണ് മനസമാധാനം എന്തെന്ന് അറിഞ്ഞത്, മഞ്ഞപ്പടയുടെ പേരില്‍ അവര്‍ നടത്തുന്നത് വളഞ്ഞിട്ടുള്ള ആക്രമണം, വിനീതിന് പിന്തുണയുമായി മുഹമ്മദ് റാഫിയും

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയും. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന കാലത്ത് തനിക്കും ഇത്തരത്തില്‍ വളരെ മോശം അനുഭവമുണ്ടായെന്നും ബ്ലാസ്റ്റേഴ്‌സ് വിട്ടശേഷം ഇത്തരം സൈബറാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും റാഫി വ്യക്തമാക്കി.

നേരത്തെ, സി.കെ. വിനീത് മഞ്ഞപ്പടയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് റാഫിയും രംഗത്തെത്തിയത്. ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയില്‍ എഫ്സിയിലേക്കാണ് ചേക്കേറിയത്.

വിനീതിന് ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിയില്‍ അനസ് എടത്തൊടികയ്ക്കും സഹല്‍ അബ്ദുള്‍ സമദിനുമാകും നേരിടേണ്ടി വരിക. പല ഓഫറുകളും നിരസിച്ചിട്ടാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. അതും സ്വന്തം നാടിന് കളിക്കാം എന്നോര്‍ത്തിട്ട്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ടീമില്‍ നിന്ന് പോയ ശേഷം ഇത്തരം സൈബര്‍ ആക്രമണങ്ങളുണ്ടായിട്ടില്ല.

കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാര്‍. തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല. ശരിയായ ആരാധകര്‍ ടീമിനൊപ്പമുണ്ടാകും. മോശം പ്രചാരണമുണ്ടായ ശേഷം ഫൈനലില്‍ ഗോളടിച്ചപ്പോള്‍ ചീത്ത വിളിച്ചവരൊക്കെ ക്ഷമ പറഞ്ഞിരുന്നുവെന്നും റാഫി പറഞ്ഞു.

Related posts