വാഷിംഗ്ടൺ ഡിസി: യുദ്ധം ആരംഭിച്ചതിനു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ജീവനോടെയുള്ളതായാണ് റിപ്പോർട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, മൊജ്തബ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാവില്ലെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28ന് ടെഹ്റാനിൽ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മുജ്തബയ്ക്കു പരിക്കേറ്റതായും നിലവിൽ കോമയിലാണെന്നും നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 56കാരനായ മൊജ്തബയ്ക്ക് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതായും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റതായും ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു.
മുജ്തബയുടെ പിതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയുടെ ഭാര്യയും സഹോദരിയും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മൊജ്തബ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇറാൻ അംബാസഡർ അലിരേസ സലാരിയനും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാനമേറ്റെടുത്ത ശേഷം പരമോന്നത നേതാവ് ഇതുവരെ ടെലിവിഷനിലോ, വീഡിയോയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും അഭ്യൂഹങ്ങൾക്കു ബലം നൽകുന്നു.
“മുജ്തബ ജീവനോടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്, പക്ഷേ ശാരീരികമായി വലിയ തകർച്ച നേരിട്ടിട്ടുണ്ടാകാം…’ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, സ്ഥാനമേറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരേ കടുത്ത മുന്നറിയിപ്പാണ് മുജ്തബ നൽകിയത്. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പുതിയ ഭരണാധികാരി പ്രഖ്യാപിച്ചു.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ അവിടുത്തെ ജനങ്ങളോട് മുജ്തബ ആഹ്വാനം ചെയ്തു. അമേരിക്ക നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മുജ്തബ പ്രസ്താവനയിലൂടെ അറിയിച്ചു.
