കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം വൈകുന്നത് ആശങ്കാജനകമാണെന്ന് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് 50 അടിക്ക് ഒരു പുതിയ ടണല്‍ നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണമെന്ന നിര്‍ദേശം നടപ്പാക്കeന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തയാറാകണം.
2014 മേയ് ഏഴിന് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പറയുന്നത്.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന് തമിഴ്നാട് വാദവും പുതിയ ഡാമെന്ന കേരളത്തിന്റെ വാദവും നിലനില്‍ക്കുന്നതല്ല.
മുല്ലപ്പെരിയാറില്‍ ഡാം നിറയുന്ന സമയങ്ങളിലൊക്കെ ഡാമിന്റെ താഴെ വള്ളക്കടവില്‍ താമസിക്കുന്നവര്‍ വീട് വിട്ട് മറ്റുസ്ഥലങ്ങളിലേക്ക് മാറിതാമസിക്കുന്ന സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വെല്ലുവിളി ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കും. മുല്ലപ്പെരിയാര്‍ കൂടാതെ മറ്റ് എട്ട് ഡാമുകളില്കൂടി തമിഴ്നാടിന് കേരളം വെള്ളം നല്‍കുന്നുണ്ടെന്ന വസ്തുത തമിഴ്നാട് മനസിലാക്കണം.
തമിഴ്നാടിന് കൂടുതല്‍ ജലവും കേരളത്തിനു പൂര്‍ണ സുരക്ഷയും ഉറപ്പാക്കുവാന്‍ താഴ്ന്ന വിദാനത്തില്‍ മറ്റൊരു ടണല്‍ നിര്‍മിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊച്ചി വൈപ്പിനില്‍ 637 ദിവസമായി സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരുകയാണ്. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തില്‍ രക്ഷാധികാരി സി.പി. റോയി, പ്രസിഡന്റ് രമേശ് രവി, സെക്രട്ടറി സ്മിജിന് രാജ്, ഷിജി, മുക്കപ്പുഴ നന്ദകുമാര്‍, ഷിജിന് തോമസ്, അനീഷ് ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.
