തിരുവനന്തപുരം: കോട്ടയും കൊത്തളങ്ങളും രാജഭരണത്തിന്റെ ചന്ദനഗന്ധവും ഒന്നു ചേരുന്ന തലസ്ഥാന നഗരത്തിലൂടെ മെല്ലെ നടന്നു നീങ്ങുന്ന അനുഭവം. അതാണ് ലീഫ് ആര്‍ട്സ് പ്രോജക്ട് സ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന “മൈ ട്രിവാന്‍ഡ്രം’ പെയിന്റിംഗ് പ്രദര്‍ശനം പകരുന്ന അനുഭവം.
27 ചിത്രകാരന്മാരാണ് എന്റെ തിരുവനന്തപുരം, എന്ന കലാ പ്രദര്‍ശനത്തില്‍ അനന്തപുരിയെ സാക്ഷാത്ക്കരിക്കുന്നത്. ചരിത്ര രേഖകളിലും, പഴയകാല ഫോട്ടോകളിലും മാത്രം കാണുന്ന തിരുവനന്തപുരത്തിന്റെ മുഖവും മാറിയ മുഖഛായയും കാന്‍വാസുകളില്‍ ഭദ്രം. പല വര്‍ണങ്ങളില്‍, സങ്കേതങ്ങളില്‍, മാധ്യമങ്ങളില്‍ ആണ് ചിത്രകാരന്മാര് തലസ്ഥാനത്തിന്റെ പഴമയും പ്രൗഡിയും പൈതൃകവും പുനര്‍സൃഷ്ടിച്ചിരിക്കുന്നത്.
മുന്‍ ലളിത കലാ അക്കാദമി ചെയര്മാന് കൂടിയായ പ്രഫ. കാട്ടൂര്‍ ജി. നാരായണപിള്ളയുടെ തിരുവനന്തപുരം ചിത്രങ്ങള്‍ എണ്‍പതുകളില്‍ ചിത്രകാരന് വരച്ചതാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖമണ്ഡപങ്ങളും, സിംഹമുഖം പോലുള്ള രാജഭരണത്തന്റെ ഗംഭീര ചിഹ്നങ്ങള്‍ പേറുന്ന കോട്ടയ്ക്കകത്തെ മതിലുകളും ഗതകാലത്തിന്റെ വർണസാക്ഷ്യങ്ങൾ ആവുന്നു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും സെന്റ് ജോസഫ്സ് കത്തീഡ്രലും പാളയം ജുമാ മസ്ജിദും ഒരു പോലെ അനുഗ്രഹം ചൊരിഞ്ഞ് നില്ക്കുന്ന തലസ്ഥാന നഗരത്തെ ചിത്രകാരൻ ടി.സി. രാജന് അടയാളപ്പെടുത്തുന്നു. മ്യൂസിയവും കുതിരമാളികയും പാളയം കണ്ണിമാറ മാര്‍ക്കറ്റും പ്രിയദര്‍ശിനി പ്ലാനറ്റോറിയവും ഫോട്ടോ ഫ്രെയിമിലെന്ന പോലെ ഒപ്പിയെടുത്തിട്ടുണ്ട്.പ്രദീപ് പേയാടന്റെ വ്യത്യസ്ത ചിത്രങ്ങളും തി രുവനന്തപുരത്തിന്റെ ചരിത്രം പേറുന്നു.
നീലക്കടലിന്റെ തഴുകലേറ്റ് എന്ന പോലെ ശയിക്കുന്ന മത്സ്യകന്യകയുടെ പശ്ചാത്തലത്തില്‍ ആണ് മഹാശില്പി കാനായി കുഞ്ഞിരാമന്റെ മുഖം ചേർത്തു വച്ചിട്ടുള്ളത്.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപ കാലത്ത് മുറജപത്തിനെത്തുന്ന നമ്പൂതിരിമാര്‍ക്കും അനുയായികൾക്കും ഭക്ഷണം പാകം ചെയ്തിരുന്നത് വലിയ വാര്‍പ്പുകളിലും കലങ്ങളിലുമായിരുന്നു. ഈ പാത്രങ്ങളെല്ലാം കഴുകിയിരുന്നത് ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഉള്ള പാത്രക്കുളത്തിലായിരുന്നു. കാല പ്രവാഹത്തിൽ കുളം നികത്തപ്പെട്ടു.
ഈ കുളം നികത്തിയ സ്ഥലത്താണ് ഇപ്പോള്‍ തീര്‍ഥപാദമണ്ഡപം സ്ഥിതിചെയ്യുന്നത്. പാത്രക്കുളത്തെ കുറിച്ചറിയുന്നവര്‍ തന്നെ ഇന്ന് ചുരുക്കമാണ്.
ചരിത്രത്തിന്റെ ഭാഗമായ ഈ പാത്രക്കുളം കാണാന്‍ ഒരവസരം. 1850 ലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും പെയിന്റിംഗ് പി.എം. ജോയിയുടേതാണ്.
പഴയകാല ഫോട്ടോയെ അധീകരിച്ചാണ് ക്ഷേത്രത്തിന്റെ ഈ അപൂർവ ചിത്രം ജോയി സത്യമാക്കിയിട്ടുള്ളത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയും പദ്മതീര്‍ഥവും മാത്രമല്ല പദ്മതീര്ഥത്തെ നോക്കിയിരിക്കുന്ന കല്ലാനയെയും ലീന ജോഷി വാസയുടെ പെയിന്റിംഗിൽ കാണാം.ലോകാരാധ്യനായ ശ്രീനാരായണഗുരുവിന്റെ ചെമ്പഴന്തിയിലെ ജന്മഗൃഹം ബിനു കൊട്ടാരക്കരയുടെ കാന്‍വാസില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
വേളി ടൂറിസ്റ്റ് വില്ലേജിലെ കാനായി കുഞ്ഞിരാമന് തീര്‍ത്ത പടുകൂറ്റന്‍ ശംഖും ബിനുവിന്റെ കാന്‍വാസില്‍ വിസ്മയക്കാഴ്ചയാവുന്നു. രാജകീയ വേഷത്തിൽ തിളങ്ങി നില്ക്കുന്ന തിരുവിതാംകൂറിന്റെ അവസാന നാടുവാഴി ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പെയിന്റിംഗ് ബിജു അമ്പാടിയുടേതാണ്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപം ജ്യോതി രാംകുമാര്‍ മനോഹരമാക്കിട്ടുണ്ട്.
അനന്തനില്‍ പള്ളി കൊള്ളുന്ന ശ്രീ പദ്മനാഭന്റെ സ്വര്‍ണവര്‍ണമാര്‍ന്ന പെയിന്റിംഗിൽ രാധാകൃഷ്ണന് പരശുവയ്ക്കലിന്റെ കൈമുദ്രയുണ്ട്. 1985ല്‍ വിന്‍സന്റ് കാഞ്ഞിരംകുളം പേന കൊണ്ട് വരച്ച പെയിന്റിംഗില്‍ തെങ്ങും വൻമരങ്ങളും നിറയുന്ന അനന്തപുരിയുടെ ഗ്രാമ സാദൃശ്യമുള്ള മുഖം കാണാം. മരങ്ങള്‍ക്കിടയിലും അകാശത്തും അറിഞ്ഞോ അറിയാതെയോ മനുഷ്യമുഖങ്ങളും ചിത്രകാരന് ഇഴ ചേര്‍ത്തിട്ടുണ്ട്.
ടി.എൽ. ചിത്രയുടെ കാന്‍വാസില്‍ തിരുജടയും തൃശൂലവും ധരിച്ച വിഴിഞ്ഞത്തെ ആഴിമല ക്ഷേത്ര നടയിലെ അമ്പത്തെട്ട് അടി ഉയരത്തിലുള്ള ശിവരൂപം കാണാം.നീല പരവതാനി പിരിച്ചത് പോലെ കാണുന്ന കടലിന്റെ പശ്ചാത്തലത്തിലെ കോവളം ലൈറ്റ് ഹൗസ് രാജീവ് എം. കൃഷ്ണന്റെ ചിത്രമാണ്.
ഫാ. സുജിത് ജോണ്‍ ചേലക്കാട്ട്, വി.എസ്. സുമ തുടങ്ങിയ ചിത്രകാരുടെ പെയിന്റിംഗുകളും ശ്രദ്ധേയം. എക്സിബിഷനൊപ്പം തിരുവനന്തപുരത്തെ ആധാരമാക്കിയുള്ള തത്സമയ പെയിന്റിംഗും പുരോഗമിക്കുന്നുണ്ട്.ഡോ. എസ്.എം.രഞ്ജു ലീഫ് ക്യൂറേറ്ററായ കലാ പ്രദര്‍ശനം 22 വരെ തുടരും. രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദര്‍ശന സമയം.
- സ്വന്തം ലേഖിക
