മുംബൈയില്‍ വന്‍ ലഹരിവേട്ട ! പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ മലാനാ ക്രീം; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ലഹരിവേട്ട…

മുംബൈയില്‍ വന്‍ ലഹരിവേട്ട. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതുവരെ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.

രണ്ടരക്കോടിയുടെ അഞ്ച് കിലോ മലാനാ ക്രീം (ഹഷീഷ്) ആണു മുംബൈയില്‍നിന്നു പിടിച്ചെടുത്തത്. ഇതിനു പുറമേ 16 ലക്ഷം രൂപയും കണ്ടെടുത്തു. ഏറെ നാളായി തിരഞ്ഞിരുന്ന ലഹരിക്കടത്തുകാരനായ റിഗെല്‍ മഹാകാലയെ റെയ്ഡില്‍ എന്‍സിബി അറസ്റ്റ് ചെയ്തു.

സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണിക്കു ലഹരിമരുന്നു വിതരണം ചെയ്തിരുന്നത് റിഗെലാണ്. റിഗെലില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകള്‍ തുടരുകയാണ്.

എന്നാല്‍ റിഗെലിന് നടി റിയ ചക്രബോര്‍ത്തിയുമായോ സഹോദരന്‍ ഷോവിക്കുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന്് എന്‍സിബി വ്യക്തമാക്കിയിട്ടില്ല.

റിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു. ലഹരിക്കടത്തുകാരനായ കെയ്സാന്‍ ഇബ്രാഹിമില്‍നിന്നാണ് കേശ്വാണിയെക്കുറിച്ചും പിന്നീട് റിഗെലിനെക്കുറിച്ചും വിവരം ലഭിച്ചത്.

കേശ്വാണിയുടെ വീട്ടില്‍നിന്ന് 590 ഗ്രാം ഹഷീഷും 0.64 ഗ്രാം എല്‍എസ്ഡി ഷീറ്റുകളും 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റിയ ചക്രവര്‍ത്തിയുടെ ചില ചാറ്റുകളില്‍ ലഹരിമരുന്നു ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെയാണ് എന്‍സിബി അന്വേഷണം വ്യാപകമാക്കിയത്.

Related posts

Leave a Comment