ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…

ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്.

മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും.

മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്‌കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ പരാജയപ്പെടുത്താനും ഇതിന് കഴിയും. തെക്ക് ഭാഗത്തുനിന്ന് അമേരിക്കയെ ആക്രമിക്കാന്‍ ഇതിനു കഴിവുണ്ട്.

ഹൈപ്പര്‍സോണിക് ആയുധങ്ങളുടേ കാര്യത്തില്‍ ചൈന കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

അവര്‍ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്നറിയില്ല എന്നാണ് അമേരിക്കന്‍ മിസൈല്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ ആയുധ മത്സരത്തില്‍ ഉണ്ടായ ഈ സംഭവവികാസം ലോകത്തെ ഭീതിയിലാഴ്ത്തിലാഴ്ത്തിയിരിക്കുകയാണ്.

ചൈന, അമേരിക്ക, റഷ്യ എന്നിവയുള്‍പ്പടെ അഞ്ചു രാജ്യങ്ങളെങ്കിലും ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ വികസിപ്പിക്കുവാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

പുതിയതായി വികസിപ്പിച്ച ഒരു ഹൈപ്പര്‍സോണിക് മിസൈല്‍ കഴിഞ്ഞമാസം വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.

ഡി എഫ് -17 എന്നറിയപ്പെടുന്ന ആധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ 2019-ലെ സൈനിക പരേഡില്‍ ചൈന പ്രദര്‍ശിപ്പിച്ചിരുന്നു.

ബഹിരാകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി ഉയര്‍ന്ന വേഗതയില്‍ ഭൂമിയിലെ ലക്ഷ്യസ്ഥാനത്തെ ആക്രമിക്കുന്നവയാണ് ബാലിസ്റ്റിക് മിസൈലുകള്‍. വളരെ താഴ്ന്ന ഉയരത്തില്‍ സഞ്ചരിക്കുന്നതിനാലും ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കുന്നതിനാലും ഹൈപ്പര്‍സോണിക് മിസൈലുകളെ കണ്ടെത്താന്‍ വിഷമാമാണ്.

ചൈന കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചൈന പ്രതിദിനം സൈനികരംഗത്തു വരുത്തുന്ന പരിഷ്‌കാരങ്ങള്‍ മേഖലയിലെ സമാധാനം നശിപ്പിക്കുവാനെ ഉപകരിക്കൂ എന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അമേരിക്ക ചൈനയെ പ്രധാന വെല്ലുവിളിയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചൈനയുടെ പുതിയ ആയുധം അമേരിക്കയുടെ ഉറക്കം കെടുത്തുന്നുവെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് പ്രതികരിച്ചത്.

അതിനിടയില്‍ തായ്‌വാന്‍ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ച അമേരിക്കയുടെയും കാനഡയുടെയും നടപടിയെ ചൈന അതിനിശിതമായി വിമര്‍ശിച്ചു.

മേഖലയിലെ ശാന്തിയും സമാധാനവും ഇല്ലാതെയാക്കുവാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നും ചൈനീസ് വക്താവ് പറഞ്ഞു. എന്തായാലും വരും നാളുകള്‍ അശാന്തിയുടേതായിരിക്കുമോയെന്ന ഭീതിയാണ് ലോക ജനതയില്‍ നിറയുന്നത്.

Related posts

Leave a Comment