ഹര്‍ക്കത്ത് 313, കാശ്മീരിലെ പുതിയ ഭീകര സംഘടന ! പുതിയ ഭീകരരുടെ രംഗപ്രവേശം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതിനു പിന്നാലെ…

കാശ്മീരില്‍ സൈന്യത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തി പുതിയ ഭീകര സംഘടന. ഹര്‍ക്കത്ത് 313 എന്ന പേരില്‍ അറിയപ്പെടുന്ന വിദേശ തീവ്രവാദികള്‍ കാശ്മീര്‍ താഴ് വരയില്‍ കടന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്.

ഇവര്‍ പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

‘ഈ ഗ്രൂപ്പിനെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.’ താഴ് വരയിലേക്ക് പാകിസ്താന്‍ ഭീകരരെ അയക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജലവൈദ്യുത പദ്ധതികള്‍, ശ്രീനഗര്‍ വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഹര്‍ക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും അവര്‍ക്ക് സഹായം നല്‍കുന്നവരെക്കുറിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് ഇന്റലിജന്‍സ്.

താലിബാന്‍, അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഈ പുതിയ ഗ്രൂപ്പിന്റെ രംഗപ്രവേശമെന്നുള്ളതും ശ്രദ്ധേയമാണ്.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 28ന് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ജമ്മു കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന നിരവധി സുരക്ഷാ അവലോകന യോഗങ്ങള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്നു.

അതേസമയം, ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാക് ശ്രമം തടയാന്‍ ബിഎസ്എഫും സൈന്യവും അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്.

Related posts

Leave a Comment