നെയ്യാറ്റിന്‍കര: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ രണ്ടു തവണയായി എല്‍ഡിഎഫിന്റെ സീറ്റായി നിലനില്‍ക്കുന്ന നെയ്യാറ്റിന്‍കരയില്‍ നിലവിലെ എംഎല്‍എ കെ. ആന്‍സലന്‍ വീണ്ടും സ്ഥാനാര്‍ഥിയാകും എന്നതിനാണ് സാധ്യത കൂടുതല്‍.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളിലൂടെ രണ്ടു ദിവസത്തെ വികസന ജാഥയും ഈയിടെ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ജാഥാ ക്യാപ്റ്റനും പ്രാസംഗികരും നാട്ടുകാരോട് സംസാരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫ് തെക്കന്‍ മേഖല ജാഥയ്ക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്കിയ ചടങ്ങില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു. രണ്ടു തവണത്തെ വിജയം നല്കിയ ആത്മവിശ്വാസത്തോടെയാണ് ഇക്കുറിയും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
അതേ സമയം, നിയോജക മണ്ഡലത്തിലെ നാലു ഗ്രാമപഞ്ചായത്തുകളില്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാത്തതിന്റെ നിരാശയുമുണ്ട്. എന്നാല്‍, ഇക്കുറി യുഡിഎഫ് നെയ്യാറ്റിന്‍കര മണ്ഡലം സ്വന്തമാക്കുമെന്ന അവകാശവാദവുമായാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് ആയിരിക്കും സ്ഥാനാര്‍ഥി എന്നാണ് പരക്കെ പ്രചാരണമെങ്കിലും അന്തിമ തീരുമാനമായില്ല എന്നാണ് നേതാക്കളുടെ പ്രതികരണം.
അതിനിടയില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടായെന്നും ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്ന നേതാക്കള്‍ മണ്ഡലത്തില്‍ തന്നെയുണ്ടെന്നും യുവസ്ഥാനാര്‍ഥികളെ പരിഗണിക്കമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റിന് കത്തയച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.
2026- ലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബിജെപി യും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് തുടങ്ങി. ചുമരെഴുത്തിനായി പലയിടത്തും ചുമര് ബുക്ക് ചെയ്തു. സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനം യഥാസമയം അറിയിക്കാമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്നും അവര്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി ഇക്കുറി ബിജെപിയാണ് നേടിയത്. എന്നാല്‍ നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും ഇത്രയും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്കായില്ല.
- സ്വന്തം ലേഖകന്‍
