പ്രഭാസ് നായകനാകുന്ന ദി രാജാ സാബ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിന് ശേഷം മടങ്ങുന്ന നടി നിധി അഗർവാളിനെ ജനക്കൂട്ടം ആക്രമിച്ച സംഭവത്തിൽ പരിപാടി നടന്ന മാൾ മാനേജ്മെന്റിനും പരിപാടിയുടെ സംഘാടകർക്കുമെതിരേ പോലീസ് കേസെടുത്തു. മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തിയതിന് മാൾ മാനേജ്മെന്റിനും പരിപാടിയുടെ സംഘാടകർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ആൾക്കൂട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ നടി അസ്വസ്ഥയായി കാണപ്പെടുന്ന സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഗാന പ്രകാശന പരിപാടിക്കായി മാളിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. പരിപാടി കഴിഞ്ഞ് നടി പുറത്തുപോകുമ്പോൾ ആൾക്കൂട്ടം തടിച്ചുകൂടിയതോടെ പരിപാടി കുഴപ്പത്തിലായി.
നടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കിത്തിരക്കിയതോടെയാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. ഇതോടെയാണ് നടിക്കു നേരേ അതിക്രമമുണ്ടായത്. ഒരു വിധത്തിൽ കാറിൽ കയറി രക്ഷപ്പെടുന്ന നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ അവരെ അവരുടെ കാറിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റിയാണ് ആൾക്കൂട്ടം നടിക്ക് അടുത്തേക്ക് എത്തിയത്. നടിയെ തൊടുന്നതും വസ്ത്രവും മുടിയും പിടിച്ചുവലിക്കുന്നതും സെൽഫി എടുക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. നിധിക്കു ചെറിയ രീതിയിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കാറിനുള്ളിൽ കയറിയ ഉടൻ ആശ്വാസത്തോടെ ‘എന്റെ ദൈവമേ, എന്തായിരുന്നു അവിടെ നടന്നത്?’ എന്ന് നടി ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം ചടങ്ങുകളിലെ ക്രമീകരണങ്ങളെ കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. മോശമായി പെരുമാറിയ ആരാധകരെക്കുറിച്ച് വലിയ വിമർശനമുയരുന്നുണ്ട്.
നടിമാരും മനുഷ്യരാണെന്നും അവരും സ്വകാര്യത അർഹിക്കുന്നുണ്ടെന്നും കമന്റുകളിൽ പറയുന്നു. ആരാധകരുടെ മര്യാദ വിട്ടുള്ള പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സ്ത്രീകളോട് മാന്യത പുലര്‍ത്തുകയെന്ന അടിസ്ഥാന മര്യാദയുടെ ലംഘനമാണുണ്ടായതെന്ന് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
