കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.
എന്താണ് ഗെയിം ലഹരി?
ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്.
ടാസ്ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?
ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്ക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്ക് പൂര്‍ത്തിയാക്കാതിരുന്നാല്‍ പിഴ/ശിക്ഷ പോലുള്ള അനുഭവങ്ങള്‍ ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
അപകടം പിടിച്ച കളി
കുട്ടികളും കൗമാരക്കാരും ഇപ്പോഴും മാനസികമായി വളരുന്ന ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകാം. മറ്റുള്ളവരെ നിരാശപ്പെടുത്തുമോ എന്ന പേടി ഉണ്ടാകാം, ഒറ്റപ്പെടല്‍ അനുഭവപ്പെടാം, അംഗീകാരം തേടി ഓണ്‍ലൈന്‍ ലോകത്തേക്ക് മാറാം. ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
]പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍
] പഠനത്തിലും സുഹൃത്ത് ബന്ധങ്ങളിലും താല്‍പ്പര്യം കുറയുക
] ഫോണ്‍ എടുത്താല്‍ കടുത്ത പ്രതികരണം
]രാത്രിയില്‍ ഉണര്‍ന്നിരിക്കുക
]ഗെയിമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒളിച്ചുവെക്കുക
] വികാരാത്മകമായി പിന്മാറുക
കുട്ടികളെ സംരക്ഷിക്കാം
]കുറ്റപ്പെടുത്താതെ സംസാരിക്കുക
]സ്ക്രീന്‍ സമയം നിയന്ത്രിക്കുക
]പുറത്തു കളിയും ഹോബികളും പ്രോത്സാഹിപ്പിക്കുക
] ഡിജിറ്റല്‍ ബാലന്‍സ് പഠിപ്പിക്കുക
]ഗെയിം ഉള്ളടക്കം നിരീക്ഷിക്കുക
]വിഷമം കാണിച്ചാല്‍ വിദഗ്ധ സഹായം തേടുക
ഡി- ഡാഡിലേക്ക് വിളിക്കാം
ഒരു കുട്ടി ഏതൊരു ഗെയിമിനേക്കാളും വിലപ്പെട്ടവനാണ്. ഓണ്‍ലൈനിലുള്ള എന്തെങ്കിലും കുട്ടികള്‍ക്ക് ഭയം, സമ്മര്‍ദ്ദം, ദുഃഖം ഉണ്ടാക്കുന്നുവെങ്കില്‍ ഉടന്‍ വിശ്വസിക്കാവുന്ന മുതിര്‍ന്നവരോട് സംസാരിക്കണം. സഹായം എപ്പോഴും ലഭ്യമാണ്.
സഹായത്തിനായി കേരള പോലീസിന്റെ ‘ഡി ഡാഡ്’ അഥവാ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ പദ്ധതിയിലേക്ക് വിളിക്കാം. മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില് ബന്ധപ്പെടാവുന്നതാണ്.
- സ്വന്തം ലേഖിക
