ആലപ്പുഴ: വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ എട്ടു കോടി എട്ടുലക്ഷത്തി എൺപത്തിയൊന്നായിരത്തി മുന്നൂറ്റി പതിനേഴ് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരു പ്രതി പിടിയിലായി.
സേലം സ്വദേശി ഭാരതി കണ്ണൻ അംഗമുത്തു (23) എന്നയാളാണ് പിടിയിലായത്. ഒരു വാട്സാപ്പ് കോളിൽനിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വാട്സാപ്പിലൂടെ ആകർഷണീയമായ രീതിയിലുള്ള സംസാരത്തിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനി പ്രതിനിധിയാണെന്നു തെറ്റിധരിപ്പിച്ചും പരാതിക്കാരനെക്കൊണ്ട് വ്യാജ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാൻ തട്ടിപ്പുകാർ പരാതിക്കാരന് നിർദേശം നൽകുകയുമായിരുന്നു.
73 തവണകളിലായി സെപ്റ്റംബർ 24-ാം തീയതി മുതൽ 2025 ഡിസംബർ 20-ാം തീയതി വരെയാണ് പ്രതികൾ പണം വാങ്ങിയത്. വ്യാജ ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ച ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ്, ബ്രോക്കറേജ് ഫീ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വീണ്ടും കൂടുതൽ തുക നിക്ഷേപിക്കണമെന്നും എന്നാൽ, മാത്രമേ നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നും തട്ടിപ്പുകാർ അറിയിച്ചു.
ഇത്തരത്തിൽ പണമയച്ചു വാങ്ങുന്നതിനായി അറസ്റ്റിലായ പ്രതി സഹപാഠിയായ ശബരീഷ് ശേഖർ എന്നയാളുമായി ചേർന്ന് സേലം ഓൾഡ് ബസ് സ്റ്റാൻഡിനു സമീപം ഒരു കമ്പനി ആരംഭിച്ചു. ഈ കമ്പനിയുടെ പേരിൽ ഭാരതിക്കണ്ണൻ അംഗമുത്തു, ശബരീഷ് ശേഖർ എന്നിവരുടെ പേരിൽ ഒരു കറന്റ് അക്കൗണ്ട് തുടങ്ങുകയും തുടർന്ന് ഈ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു തവണകളിലായി പരാതിക്കാരനിൽനിന്ന് 35.5 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പ്രതികൾ ഇരുവരും ഓട്ടോമൊബൈൽ എൻജിനിയറിംഗ് പാസായ സേലം സ്വദേശികളാണ്.
അറസ്റ്റിലായ പ്രതിയിൽനിന്നു ലഭിച്ച വിവരമനുസരിച്ച് പ്രതിയായ ശബരീഷ് ട്രിച്ചി സെൻട്രൽ ജയിലിൽ സമാനമായ കേസിൽ ശിക്ഷയനുഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
തമിഴ്നാട് സേലത്തെത്തി നടത്തിയ അന്വേഷണത്തിൽ താരമംഗലം എന്ന സ്ഥലത്തുനിന്നു താരാമംഗലം പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ വി.എസ്. ശരത്ചന്ദ്രൻ, സി.പി.ഓമാരായ കെ. റികാസ്, ജേക്കബ് സേവ്യർ, എം. മിഥുൻനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയ പിടികൂടിയത്.
സേലം ജില്ലയിലെ ഓമലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. ശർമിള മുൻപാകെ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് സഹിതം ആലപ്പുഴയിലെത്തിച്ചു. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. പ്രിയങ്ക മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പ്രകാരം ഇയാൾക്കെതിരേ കർണാടക, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പത്തു പരാതികൾ നിലവിലുണ്ട്.
