ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങി പാക്കിസ്ഥാന്‍ ! പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തു കളയാന്‍ തുടങ്ങുന്നത് ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്…

പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് പാക് പ്രവിശ്യയാക്കാന്‍ നീക്കം. ചൈനീസ് സമ്മര്‍ദഫലമായാണിതെന്നാണ് സൂചന.

ഈ നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ.

1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍ പ്രകാരമായിരുന്നു പാകിസ്താന്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി.

1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഭരണം അതിന്റെ കീഴിലാക്കി. 2009ല്‍ ഗില്‍ജിത്-ബാള്‍ടിസ്ഥാന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവര്‍ണന്‍സ് ഓര്‍ഡര്‍ നടപ്പിലാക്കി.

2018ല്‍ ഇതിന് പകരം ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഓര്‍ഡര്‍ കൊണ്ടുവന്നു. 2019ല്‍ പുതിയൊരു നിയമം കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു.

ഗില്‍ജിത്- ബാള്‍ടിസ്ഥാന്‍ പ്രദേശത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് പാകിസ്ഥാന്റെ ആശയക്കുഴപ്പങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.

ഇപ്പോള്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇനാഴി ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെയാണ് കടന്നുപോകുന്നത്.

ഈ പദ്ധതിക്കെതിരേ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പാക് ഗവണ്‍മെന്റ് അതൊന്നു വകവെയ്ക്കുന്നില്ല.

ഈ സാഹചര്യത്തില്‍ തടസങ്ങളില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാക് സര്‍ക്കാരിന് ഇവിടെ പൂര്‍ണ നിയന്ത്രണം വേണമെന്ന് ചൈന ആഗ്രഹിക്കുന്നു.

ഈയൊരു സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ഗില്‍ജിത്- ബാള്‍ട്ടിസ്ഥാനെ പാക് പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment