മുഹമ്മ: ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് തിലകക്കുറിയാകാൻ പാതിരാമണൽ ദ്വീപ് അണിഞ്ഞൊരുങ്ങുന്നു. കുട്ടികളുടെ പാർക്ക്, കാനന ചാരുതയുള്ള നടവഴികൾ, വള്ളിയൂഞ്ഞാലുകൾ, ഏറുമാടങ്ങൾ എന്നിങ്ങനെ ടൂറിസ്റ്റുകളുടെ മനം കവരുന്ന സൗകര്യങ്ങൾക്കൊപ്പം കലാപരിപാടികളുടെ നിറച്ചാർത്ത് ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികാരികൾ.
പുല്ലുമേഞ്ഞ തിയറ്റാറാണ് നാടൻ കലാരൂപങ്ങളുടെ അവതരണത്തിന് സജ്ജമാകുന്നത്. പഴമയിലേക്കു ചേക്കേറുന്ന വില്ലടിച്ചാംപാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളാണ് ദിവസവും അവതരിപ്പിക്കുക. പരമ്പരാഗത തൊഴിലിടങ്ങൾ, കരകൗശല വസ്തുക്കളുടെ നിർമാണശാലകൾ, നാടൻ ഭക്ഷണ ശാലകൾ എന്നിവയെല്ലാം ടൂറിസ്റ്റുകളുടെ മനംകവരും.
മന്ത്രി ഗണേഷ്കുമാർ മുൻകൈയെടുത്താണ് കായൽ ടൂറിസത്തിന് നിറമേകുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പാതിരാമണൽ ദ്വീപിനെ ബന്ധപ്പെടുത്തി ആരംഭിച്ച ബോട്ട് സർവീസ് ഒട്ടേറെ വിനോദസഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നു. മുഹമ്മ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രാത്രിയിലും ദ്വീപിലെത്താമെന്നത് സഞ്ചാരികൾക്ക് നേട്ടമാണ്. വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ ഇരുൾമൂടിക്കിടന്ന ദ്വീപിൽ സൗരോർജവിളക്കുകൾ മിഴിതുറന്നതോടെ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കൂടി.
ജനസഹസ്രങ്ങളെ ആകർഷിക്കുന്ന പാതിരാമണൽ ഫെസ്റ്റ് പോലുള്ള വിശേഷ വേളകളിൽ വൈകുന്നേരം അഞ്ചു വരെയാണ് ദ്വീപിൽ തങ്ങാൻ മുൻപ് അവസരം ലഭിച്ചിരിന്നത്. ഇതുസഞ്ചാരികളുടെ മനംമടുപ്പിച്ചിരിന്നു. ഇതിന് പരിഹാരമായാണ് സോളാർ വൈദ്യുതി നിലയം ദ്വീപിൽ യാഥാർഥ്യമായത്.അനെര്‍ട്ട് ആണ് സൗരോര്‍ജ വൈദ്യുതിനിലയം സ്ഥാപിച്ചത്. 10 യൂണിറ്റ് വൈദ്യുതി സംഭരണശേഷിയുള്ള ഓഫ് ഗ്രിഡ് സോളാര്‍ പ്ലാന്റാണ് ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്നത്.
പുതിയതായി നിര്‍മിച്ച ഇലക്ട്രിക്കല്‍ മുറിയുടെ മുകളിലാണ് മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച നിരീക്ഷണകാമറകൾ കൂടി മിഴിതുറക്കുന്നതോടെ സുരക്ഷയെച്ചൊല്ലിയുള്ള പരാതികൾക്കും ശമനമാകും.ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനും മധ്യേ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പാതിരാമണൽ ദ്വീപ്.
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള നിരോധിനികളിൽ ഒന്നായ തണ്ണീർമുക്കം ബണ്ടും കുമരകം പക്ഷി സങ്കേതവും ടുറിസ്റ്റ് കേന്ദ്രമായ പുത്തൻകായലും പാതിരാമണൽ ദ്വീപിൽനിന്ന് വിളിപ്പാട് അകലെയാണ്. നിലവിലുള്ള സൗകര്യങ്ങൾ വർധിച്ചാൽ ദ്വീപിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കു തന്നെ ഉണ്ടാകും.
ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികളില്‍ നല്ലൊരുപങ്കും പാതിരാമണലിലെത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം 35,000ത്തിലേറെ വിനോദസഞ്ചാരികള്‍ ദ്വീപിലെത്തി. മുഹമ്മ പഞ്ചായത്താണ് പാതിരാമണല്ദ്വീപ് പരിപാലിക്കുന്നത്. ഇപ്പോള്‍ രാത്രിയും പകലും അവിടെ കാവല്ക്കാരുമുണ്ട്. 50 രൂപയാണ് സന്ദര്‍ശന ഫീസ്. കുടുംബശ്രീ നടത്തുന്ന ലഘുഭക്ഷണശാലകൾ ദ്വീപിൽ പ്രവർത്തിക്കുന്നുണ്ട്.
- അനിരുദ്ധൻ മുഹമ്മ
