തൊടുപുഴ: പുതുതലമുറ തൊഴില്‍തേടി വിദേശത്തേക്ക് ചേക്കേറുമ്പോള്‍ മണ്ണില്‍ പൊന്നുവിളയിച്ച് വിജയഗാഥ രചിക്കുകയാണ് യുവകര്‍ഷകനായ തൊടുപുഴ സ്വദേശി അറയ്ക്കല്‍ അനില്‍ ആന്‍ഡ്രൂസ്. പൈനാപ്പിള്‍ കൃഷിയിലൂടെ മികച്ച വരുമാനവും ഇതോടൊപ്പം സ്വയംതൊഴിലും കണ്ടെത്തി ജീവിതത്തില്‍ മധുരം നിറയ്ക്കുകയാണ് ഈ യുവ സംരംഭകന്.
ചെറുപ്പത്തില്‍തന്നെ കൃഷിയോട് അഭിനിവേശം ഉണ്ടായിരുന്ന ഇദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. മൂന്നേക്കറിലായിരുന്നു തുടക്കം. ഇതു വിജയിച്ചതോടെ കൃഷിയുടെ വിസ്തൃതിയും വര്‍ധിപ്പിച്ചു. നാട്ടില്‍ കൂടുതല്‍ സ്ഥലം കൃഷിക്കായി ലഭിക്കാതെ വന്നതോടെയാണ് മറ്റിടങ്ങളിലേക്ക് തിരിഞ്ഞത്.
നിലവില്‍ 70ഓളം ഏക്കറില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നുണ്ട്. റാന്നി, പത്തനംതിട്ട, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കൃഷി കൂടുതലായും നടത്തുന്നത്. നല്ല വില നല്കി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.ദിവസവും 20ഓളം തൊഴിലാളികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ക്ക് പ്രതിമാസം 15,000 രൂപയ്ക്കു പുറമെ താമസ സൗകര്യവും നല്‍കണം.
പല സന്ദര്‍ഭങ്ങളിലും പൈനാപ്പിള്‍ വിലയിടിയുന്നതും യൂറിയ ഉള്‍പ്പെടെയുള്ള വളത്തിന്റെ ക്ഷാമവും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നതായും കിലോയ്ക്ക് കുറഞ്ഞത് 35 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും ഇദ്ദേഹം പറയുന്നു. കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിക്ക് കാരണമാകുന്നതായും കടുത്ത ചൂടും അമിത മഴയും വിളവിനെ കാര്യമായി ബാധിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. വേനലില്‍ പൈനാപ്പിള്‍ മൂടുന്നതിനായി നെറ്റാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്.
നേരത്തേ ചൂട്ട് ഉപയോഗിച്ചിരുന്നെങ്കിലും ഫംഗസ് ബാധിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇവ ഒഴിവാക്കി. ഇതു കൃഷിച്ചെലവ് വര്‍ധിക്കാന്‍ കാരണമായി.വനത്തോടടുത്തുള്ള പ്രദേശങ്ങളില്‍ മുള്ളന്‍പന്നി, കാട്ടുപന്നി ഉള്‍പ്പെടെയുള്ളവയുടെ ശല്യവും വര്‍ധിച്ചുവരികയാണ്. കന്നാരച്ചെടികളുടെ ചുവട് കുത്തിയിളക്കി കാനകള്‍ നശിപ്പിക്കുന്നതു പതിവാണെന്നും ഇത്തരം ഭീഷണി കൃഷിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയില്ത്തെന്നെ ഉറച്ചുനില്‍ക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. തൊടുപുഴ മാരിയില്‍കലുങ്ക് അറയ്ക്കല്‍ എ.എസ്. ആന്‍ഡ്രൂസ്-ലിസി ദമ്പതികളുടെ മകനാണ്.
