പരിശോധിക്കാനയയ്ച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ മിക്കതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ! ആന്ധ്രയില്‍ നിന്ന് ആലപ്പുഴയില്‍ എത്തി ഒരു ലോഡ് ചെമ്മീന്‍ ഫോര്‍മാലിന്‍ കലര്‍ന്നത്; എത്തിച്ചത് കയറ്റുമതി സംസ്‌കരണത്തിന്

ആലപ്പുഴ: ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ സംസ്ഥാനത്തേക്കുള്ള ഒഴുക്ക് തുടരുന്നു. കയറ്റുമതി സംസ്‌കരണത്തിനായി ആന്ധ്രപ്രദേശില്‍നിന്ന് ജൂണ്‍ 26ന് ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഉണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി. അരൂരില്‍ എത്തിയ ലോഡ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും സാംപിള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോഡ് ആന്ധ്രാപ്രദേശിലേക്കു തിരിച്ചയച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 26നു തന്നെ കര്‍ണാടകയില്‍നിന്നെത്തിയ മറ്റൊരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്നു കണ്ടെത്തി വാഹനം വിട്ടുകൊടുത്തിട്ടുണ്ട്. എങ്കിലും ചെമ്മീന്‍, ഐസ് സാംപിളുകള്‍ വീണ്ടും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പരിശോധനയയ്ക്കയച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ പലതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ഉള്ളതായാണ് സൂചന.

Related posts