ഒറ്റപ്പാലം: യാത്രക്കാർ കുറവും ഇന്ധനവില കൂടുതലും; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം. ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധന വിലക്കയറ്റംമൂലം പൊറുതിമുട്ടുകയാണ് സ്വകാര്യ ബസ് സർവീസുകൾ.
ഒറ്റസർവീസുകൾ പലതും ഇതിനകം ഭാഗികമായി സർവീസുകൾ വെട്ടി കുറച്ചിട്ടുമുണ്ട്. സ്വകാര്യബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വന്ന കാര്യമായകുറവും ബസ് വ്യവസായത്തെ പുറകോട്ട് അടിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ വലിയ ബുദ്ധിമുട്ട് പോലെ തന്നെയാണ് ബസ് വ്യവസായം ഇപ്പോൾ കടന്നു പോകുന്നതെന്ന് ഉടമകൾ പറയുന്നു. ജീവനക്കാർക്കും ഡീസലിനും കൂടിയുള്ള തുക ഓടിക്കിട്ടാത്തതുകൊണ്ടാണ് ചില ബസുകൾ ഇപ്പോൾ നിരത്തിലിറങ്ങാത്തത്.
സർവീസ് നടത്തുന്ന ബസുകൾക്ക്തന്നെ യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നഷ്ടമാണ്. ചില ബസുകൾ രാവിലെയും വൈകുന്നേരത്തേയും ട്രിപ്പുകൾ മാത്രമാണ് ഓടുന്നത്.ഗുരുവായൂർ-പാലക്കാട്, ചെർപ്പുളശേരി-ഒറ്റപ്പാലം റൂട്ടിൽ മാത്രമാണ് കൂടുതൽ ബസുകൾ ഓടുന്നത്.
അഞ്ച്, പത്ത് മിനിറ്റുകളുടെ ഇടവേളകളിൽ സർവീസ് നടത്തി വരുന്ന ഷൊർണൂർ-തൃശൂർ, ഒറ്റപ്പാലം-തിരുവില്വാമല, അമ്പലപ്പാറ-മണ്ണാർക്കാട്, വേങ്ങശേരി റൂട്ടുകളിലൊക്കെ ബസുകളിൽ യാത്രക്കാർ വളരെയധികം കുറവാണ്. പല ഉൾപ്രദേശങ്ങളിലേക്കും സർവീസ് പോലുമില്ല.
തൃശൂർ-ഒറ്റപ്പാലം പാതയിലോടുന്ന ബസുകൾക്ക് ദിവസവും 75 ലിറ്റർ ഡീസൽ ആവശ്യമാണ്.ബസ് ഡ്രൈവർക്ക് 900 രൂപയും കണ്ടക്ടർക്ക് 800 രൂപയുമാണ് പ്രതിദിനം വേതനമായി നൽകുന്നത്.പല ബസുകളും ക്ലീനർമാരെ ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ബസുകൾക്കുവേണ്ടിയെടുത്ത വായ്പാതിരിച്ചടവ് വരെ പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു.
