പരവൂർ: പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവർധനയ്ക്ക് പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകൾക്കുള്ള ഫീസും കുത്തനെ കൂട്ടാൻ നീക്കം.സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന എടിഎം ഇന്റർചേഞ്ച് ഫീസ് നിലവിലെ 19 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിർദേശം അധികൃതരുടെ പരിഗണനയിലാണ്.
ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇത് യാഥാർഥ്യമായാൽ ഓരോ മാസത്തെയും വിലക്കയറ്റ നിരക്കിന് അനുസരിച്ച് എടിഎം ഫീസിലും മാറ്റമുണ്ടാകും. അതായത്, പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഉപഭോക്താവ് നൽകേണ്ട ഫീസിലും മാസംതോറും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
നിലവിൽ ഉപഭോക്താവ് എടിഎമ്മിൽ നിന്ന് എത്ര തുക പിൻവലിച്ചാലും ഒരേ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ സൗജന്യ പരിധിക്ക് ശേഷം പിൻവലിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്ന രീതിയിലേക്കും മാറ്റമുണ്ടായേക്കും.ഒരു ബാങ്കിന്റെ ഉപഭോക്താവ് അനുവദിക്കപ്പെട്ട സൗജന്യ പരിധി കഴിഞ്ഞതിനു ശേഷം മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന തുകയാണ്ട് എടിഎം ഇന്റർചേഞ്ച് ഫീസ്. സാങ്കേതികമായി ഡെബിറ്റ് കാർഡ് അനുവദിച്ച ബാങ്കാണ് എടിഎമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് ഈ ഫീസ് നൽകേണ്ടതെങ്കിലും, ബാങ്കുകൾ ഈ ബാധ്യത ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത്.
നിലവിലെ നിയമപ്രകാരം മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ മൂന്ന് ഇടപാടുകളും ഗ്രാമങ്ങളിലും ഇതര നഗരങ്ങളിലും അഞ്ച് ഇടപാടുകളും പ്രതിമാസം സൗജന്യമാണ്. ഇതിനു ശേഷമുള്ള ഓരോ ഇടപാടിനുമാണ് ഫീസ് നൽകേണ്ടി വരിക.നിലവിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷനും റിസർവ് ബാങ്കും ചേർന്നാണ് എടിഎം ഫീസ് നിശ്ചയിക്കുന്നത്.
ഇതിൽ വലിയ കാലതാമസം വരുന്നുണ്ടെന്നാണ് ഈ മേഖലയിലെ കമ്പനികളുടെ പരാതി. 2011ന് ശേഷം ആകെ മൂന്ന് തവണ മാത്രമാണ് ഫീസ് കൂട്ടിയത്. 2021 ഓഗസ്റ്റിൽ 17 രൂപയായും, കഴിഞ്ഞ വർഷം മേയിൽ അത് 19 രൂപയായും വർധിപ്പിച്ചു. എന്നാൽ പുതിയ രീതിയിൽ മൊത്ത വിലക്കയറ്റ തോതുമായി ഫീസിനെ ബന്ധിപ്പിച്ചാൽ ആർബിഐയുടെയോ എൻപിസിഐയുടെയോ പ്രത്യേക അനുമതിയില്ലാതെ തന്നെ കമ്പനികൾക്ക് എടിഎം ഫീസ് സ്വയം പുതുക്കാൻ കഴിഞ്ഞേക്കും.
കെട്ടിട വാടക, ഉയർന്ന വൈദ്യുതി നിരക്ക്, എടിഎമ്മുകളിൽ സുരക്ഷിതമായി പണം എത്തിക്കാനുള്ള ചെലവ് എന്നിവ വൻതോതിൽ വർധിച്ചതായി കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി വ്യക്തമാക്കുന്നു. കൂടാതെ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ എടിഎമ്മുകളിൽ 500 രൂപയോ അതിൽ താഴെയുള്ള നോട്ടുകളോ മാത്രമാണ് നിറയ്ക്കുന്നത്. ഇത് കാരണം എടിഎമ്മുകളിൽ അടിക്കടി പണം നിറയ്ക്കേണ്ടി വരുന്നത് ചെലവ് ഇരട്ടിയാക്കിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ വലിയ രീതിയിൽ വളർന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും പണമായിത്തന്നെ കൈകാര്യം ചെയ്യാൻ എടിഎമ്മുകളെ ആശ്രയിക്കുന്ന വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ട്. ദിവസേന പണമിടപാടുകൾ നടത്തുന്ന ചെറുകിട വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ഈ ഫീസ് വർധന വലിയ തിരിച്ചടിയാകും.
- എസ്. ആർ. സുധീർ കുമാർ
