കാഞ്ഞിരപ്പള്ളി: സംസ്ഥാനത്താകെ പ്രിയദർശിനി യാത്ര തരംഗമായി ഓടുമ്പോൾ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മാത്രം ദുഃഖം. ഈ റൂട്ടിൽ ഓർഡിനറി സർവീസുകൾ ഇല്ല എന്നതാണ് വനിതാ യാത്രക്കാർക്ക് തിരിച്ചടിയായത്. എറണാകുളത്തിന് സർവീസ് നടത്തുന്ന രണ്ട് ദീർഘദൂര ഓർഡിനറി ബസുകൾ മാത്രമാണ് റൂട്ടിലുള്ളത്.
ഇടക്കാലത്ത് തൊടുപുഴ-കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓർഡിനറി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കിയിരുന്നു. അതേസമയം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ റൂട്ടിലൂടെ നിരവധിയുണ്ട്.നിരവധി സ്കൂളുകളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റൂട്ടിൽ സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം മേഖലയിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
ഇതിനുപുറമേ ഇടക്കുന്നം, മണിമല മേഖലകളിലേക്കും കെഎസ്ആർടിസി ഓർഡിനറി സർവീകൾ ഇല്ല. ഏറെക്കാലത്തിന് മുൻപ് ഇടക്കുന്നം-ഇഞ്ചിയാനി റൂട്ടിൽ കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി.
അഴങ്ങാട്, കണയങ്കവയൽ എന്നിവിടങ്ങളിലേക്ക് ഓരോ ഓർഡിനറി സർവീസുകൾ ദീർഘകാലമായുണ്ട്. എന്നാൽ കോരുത്തോട്, ഇളംകാട് എന്നിവിടങ്ങളിലേക്ക് സർവീസ് ഇല്ലാത്തത് ഈ മേഖലയിലെ സ്ത്രീകൾക്കും തിരിച്ചടിയാണ്. പൊന്‍കുന്നം-പനമറ്റം-തമ്പലക്കാട്-കാഞ്ഞിരപ്പള്ളി റൂട്ടിൽ ഗ്രാമവണ്ടി സർവീസ് നടത്തുന്നുണ്ട്.
