കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്ട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാര്‍’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞയിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയിലും മത്സരയോട്ടത്തിനിടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന “കൈലാസ്’ ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന “മസാഫി’ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു
