ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം’ വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്.
ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്.
ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി.
