ന്യൂജെൻ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഇൻസ്റ്റഗ്രാം റീലുകൾക്കും വാട്സാപ് വീഡിയോകൾക്കും ഹൈ ഡിമാൻഡ്. പാരഡി ഗാനങ്ങളിൽ ട്രെൻഡിംഗായി ശാന്തമീ രാത്രിയിൽ.., മിന്നൽ വള.., പാലാ പള്ളി.. എന്നിവയും. വോട്ടെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കേ പ്രഫഷണലുകളും അല്ലാത്തവരും ഒരുപോലെ രാവും പകലും ചെലവിട്ടാണ് അണിയറയിൽ ഡിജിറ്റൽ സൃഷ്ടികൾ തയാറാക്കുന്നത്.
പ്രചാരണബോർഡുകളിലും പോസ്റ്ററുകളിലും മുഴുവനായി വിശ്വാസമർപ്പിക്കാതെ സ്ഥാനാർഥികൾ ഡിജിറ്റൽ പ്രചാരണം ശക്തമാക്കിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുദ്രാവാക്യം, അനൗൺസ്മെന്റ്, സ്ഥാനാർഥി വിവരണം തുടങ്ങിയവ വീഡിയോ ഫോർമാറ്റിലാക്കിയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ആവശ്യപ്പെടുന്നവർക്ക് സഹായം നൽകുന്നുണ്ടെന്ന് കവി കൂടിയായ റീമോൾ ജോജു അലക്സാണ്ടർ പറഞ്ഞു.
കഴിഞ്ഞ തവണത്തെപ്പോലെ വൻതോതിൽ പാരഡികൾ ഇത്തവണയില്ലെങ്കിലും റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ ഗാനങ്ങൾ നിർമിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രമായ ജോണിവാക്കറിലെ ‘ശാന്തമീ രാത്രിയിൽ..’ ഗാനം മോഹൻലാൽ ചിത്രമായ ‘തുടരും’ സിനിമയിൽ ഉൾപ്പെടുത്തിയതോടെയാണ് വീണ്ടും പ്രചാരണഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത്.
അന്നുമിന്നും മാപ്പിളപ്പാട്ടുകൾ പ്രിയം തന്നെ. പെട്ടെന്ന് ഏറ്റുപാടാനാകുമെന്ന പ്രത്യേകതയാണ് മാപ്പിളപ്പാട്ടിനെ സ്വീകാര്യമാക്കുന്നതെന്ന് സംഗീത സംവിധായകൻ കൂടിയായ അനിൽകുമാർ നിള പറഞ്ഞു.
‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..’ തുടങ്ങിയ കലാഭവൻ മണി ഹിറ്റുകൾക്കും പട്ടികയിൽ ഇടമുണ്ട്. പകർപ്പവകാശ പ്രശ്നങ്ങൾ കാരണം സ്വന്തമായ ട്യൂണുകളും പരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സ്റ്റുഡിയോ ഉടമയായ ജോസഫ് നാദം പറഞ്ഞു.
