‘എന്റെ മോളെ സഹായിച്ച എല്ലാവര്‍ക്കും ആയിരം നന്ദി ! എന്റെ മകള്‍ അത്രയ്ക്കു കഷ്ടപ്പെട്ടു; ആനന്ദക്കണ്ണീര്‍ പൊഴിച്ച് രമ്യ ഹരിദാസിന്റെ അമ്മ…

ഹാട്രിക് വിജയം പ്രതീക്ഷിച്ചിരുന്ന പി.കെ ബിജുവിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു എല്ലാവരും പെങ്ങളൂട്ടിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന രമ്യ ഹരിദാസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്.സിപിഎമ്മിന്റെ കോട്ടയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് അവതരിപ്പിക്കുമ്പോള്‍ ജയസാധ്യത ഏറെ അകലെയായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ, ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് രമ്യ ജനഹൃദയങ്ങള്‍ കീഴടക്കി.

ആക്രമണങ്ങള്‍ക്കിരയായ ആലത്തൂരിന്റെ ‘പെങ്ങളൂട്ടി’ ഒടുവില്‍ ചരിത്ര വിജയം നേടിയപ്പോള്‍ സന്തോഷം അലതല്ലുകയാണ് രമ്യയുടെ വീട്ടിലും. ‘എന്റെ മോളെ സഹായിച്ച എല്ലാവര്‍ക്കും ആയിരം നന്ദി.’ രമ്യയുടെ അമ്മ രാധ ഹരിദാസ് പറഞ്ഞു. വിജയിച്ച ശേഷം രമ്യ മാധ്യമങ്ങളെ കാണുന്ന രംഗം നാട്ടുകാര്‍ക്കൊപ്പം രാധയും ടിവിയില്‍ കണ്ടു. ‘കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ….’ എന്ന ഗാനം രമ്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആലപിക്കുന്നതു കണ്ടപ്പോള്‍ രാധയുടെ കണ്ണുകള്‍ നിറഞ്ഞു. ‘ഈ വിജയം എന്റെ മകള്‍ക്ക് ആലത്തൂരുകാര്‍ നല്‍കിയ സ്നേഹസമ്മാനം’ രാധ സന്തോഷത്തോടെ പറഞ്ഞു.

എന്റെ ചേച്ചി എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടണമെന്ന് അമ്മാവന്റെ മകള്‍ ഒന്നാം ക്ലാസുകാരി അക്ഷത കൃഷ്ണന്‍ കഴിഞ്ഞ ദിവസം രമ്യയോടു ഫോണില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആ പറച്ചില്‍ പൊന്നായെന്നും അമ്മ രാധ അക്ഷതയെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. ‘അവള്‍ അര്‍ഹിച്ചതാണു വിജയം. അത്രയ്ക്ക് കഷ്ടപ്പെട്ടു എന്റെ മകള്‍. അത് ആലത്തൂര്‍ തിരിച്ചറിഞ്ഞു’ രമ്യയെ സ്വന്തം മകളായും സഹോദരിയായും കണ്ട ആലത്തൂരുകാര്‍ക്കു നന്ദി പറയുകയാണ് രമ്യയുടെ കുടുംബം.

Related posts