കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസം കസ്റ്റഡിയില്‍ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തിരികെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
തെളിവെടുപ്പ് നടത്തി
ഇന്നലെ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ കാരവനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നില്‍ ആവര്‍ത്തിച്ചു.
സിനിമാ സെറ്റില്‍ സംവിധായകന് രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.മൂന്ന് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാവും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകനെ സിനിമയുടെ ചിത്രീകരണം നടന്ന ഫോര്‍ട്ട് കൊച്ചിയില്‍ എത്തിച്ചത്.
ആസ്പിന്‍ വാളിലെ ലൊക്കേഷനില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാരവനിനുള്ളില്‍ വച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ കാരവന് പോലീസ് കണ്ടെടുത്ത് എ ആര് ക്യാംപില്‍ എത്തിച്ചിരുന്നു. അതിനുള്ളില്‍ എത്തിച്ചും തെളിവെടുത്തു.
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനോടൊപ്പം സംഭവ സമയം സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
