ചമ്പക്കുളം: നവംബർ മാസം അവസാനം സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകർ കാത്തിരിപ്പു തുടരുന്നു. നെടുമുടി കൃഷിഭവന് കീഴിലുള്ള പുളിക്കക്കാവ് പാടശേഖരത്തിലെ കർഷകർക്കും ചമ്പക്കുളം കൃഷിഭവന് കിഴിൽ വരുന്ന 165 ഏക്കറുള്ള കൊക്കണം പാടത്തെ കർഷകർക്കും നവംബർ അവസാന ആഴ്ചയിൽ നല്കിയ നെല്ലിന്റെ വില ലഭിച്ചിട്ടില്ല.
ആഴ്ചകളായി ഈ കർഷകർ നെല്ല് വിലയ്ക്കായി ബാങ്കുകളിൽ കയറി ഇറങ്ങന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള കർഷകർക്കാണ് ഇതുവരെയും നെൽവില ലഭിക്കുന്നില്ല എന്ന പരാതി ഉള്ളത്.
ഇതോടൊപ്പം സംഭരിച്ച നെല്ലിന്റെ വില കാനറ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ നെല്ല് സംഭരണം നടത്തി രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും നെല്ല് വില കിട്ടാതെ ബുദ്ധിമുട്ടിലാണ് പല കർഷകരും.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപ് ഏകദേശം രണ്ട് മാസത്തോളം സംഭരിച്ച കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ നെല്ലിന്റെ വില ഒരാഴ്ചകൊണ്ടുതന്നെ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നെല്ല് വില വിതരണം പഴയപടി ആയി എന്നതാണ് അവസ്ഥ.
ഓരോ കൃഷിക്കും വായ്പയെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് നെല്ല് വില യഥാസമയം ലഭ്യമാകാത്തതിനിൽ വലിയ കട ബാധ്യതയാണ് ഉണ്ടാവുന്നത്. നെല്ലുസംഭരണം നടത്തി ഒരാഴ്ചയ്ക്കകം കർഷകർക്ക് നെല്ലുവില ലഭ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ കുടിശികയ്ക്ക് ഈടാക്കുന്ന പലിശ നിരക്കിൽ കർഷകർക്ക് പലിശ നല്കണം എന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
കർഷകൻ എടുക്കുന്ന വായ്പകൾക്ക് കണക്ക് പറഞ്ഞ് പലിശ ഈടാക്കുമ്പോൾ കർഷകന്റെ പണം ആഴ്ചകളും മാസങ്ങളും യാതൊരു പലിശയും ഇല്ലാതെ കിടക്കുന്നത് കർഷകരോട് ചെയ്യുന്ന വലിയ ദ്രോഹംതന്നെയാണ്.
കുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള പാടശേഖരങ്ങളിലെ കർഷകർക്ക് ഒരു വർഷം നെല്ല് സംഭരണം നടത്തി യഥാസമയം വില നല്കാത്തതിന്റെ പേരിൽ വരുന്ന നഷ്ടത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ ആഴ്ചയിലും കോടികളാണ് എന്നതാണ് യാഥാർഥ്യം.
ഈ സത്യം മനസിലാകാത്ത സാധാരണക്കാരായ കർഷകർ തങ്ങൾക്ക് അർഹമായത് നഷ്ടപ്പെടുത്തിക്കൊണ്ടാണ് നാടിന്റെ ഭക്ഷ്യസുരക്ഷക്കുവേണ്ടി നെൽകൃഷി ചെയ്യുന്നത് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. നെല്ല് സംഭരണം നടത്തി ഒരാഴ്ചയ്ക്കകം നെല്ലുവില ലഭ്യമായില്ലെങ്കിൽ തുക അക്കൗണ്ടിൽ എത്തും വരെയുള്ള ദിവസങ്ങൾക്ക് അർഹമായ പലിശ കർഷകർക്ക് ലഭ്യമാക്കണം എന്നതാണ് കുട്ടനാടൻ കർഷകരുടെ ആവശ്യം.
അതോടൊപ്പം ബാങ്കുകൾ മാറുന്നതനുസരിച്ച് അക്കൗണ്ടിൽ നെല്ല് വില എത്തുന്നത് താമസിക്കും എന്ന വിചിത്ര രീതിക്കും മാറ്റം ഉണ്ടാകണം.
