കോട്ടയം: കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത നികുതിരഹിത ഇറക്കുമതിക്കു കേന്ദ്ര ബജറ്റില്‍ നിയന്ത്രണം വന്നിരുന്നെങ്കില്‍ നിലവില്‍ റബര്‍ഷീറ്റ് വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലെത്തിയേനെ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.45 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറാണ് തീരുവ അടയ്ക്കാതെയും നിസാര തീരുവ അടച്ചും വ്യവസായികള്‍ ഇറക്കുമതി ചെയ്തത്.
മുന്‍ വര്‍ഷത്തെക്കാള്‍ ഇറക്കുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനമായിരുന്നു വര്‍ധന. 2023-24-ല്‍ 1.69 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. അടുത്ത സാമ്പത്തികവര്‍ഷം മാസം മുപ്പതിനായിരം ടണ്‍ വീതം ആകെ 3.60 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഷീറ്റ് വിലയില്‍ വലിയ വര്‍ധന വരാനിടയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നിയന്ത്രണമോ തീരുവ നിരക്ക് വര്‍ധനയോ ഉണ്ടാകാത്ത സാഹചര്യത്തില്‍ റബര്‍ വില വ്യവസായികള്തന്നെ നിയന്ത്രിക്കും.
അടുത്ത സാമ്പത്തികവര്‍ഷം വ്യവസായ ആവശ്യങ്ങള്‍ക്ക് 16 ലക്ഷം ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര ഉത്പാദനം എട്ടു ലക്ഷം ടണ്ണില്‍ ഒതുങ്ങുന്ന സാഹചര്യത്തില്‍ എട്ടു ലക്ഷം ടണ്ണിന്റെ ഇറക്കുമതി പ്രതീക്ഷിക്കാം. ടയര്‍ ഉത്പാദനം വര്‍ധിപ്പിച്ചതോടെ വ്യവസായികള്‍ വലിയ തോതില്‍ ഷീറ്റ് മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്നുണ്ട്.
ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് 207, ഗ്രേഡ് അഞ്ചിന് 202 രൂപയാണ് വില. വ്യാപാരികള്‍ 209 രൂപയ്ക്ക് വരെ മാര്‍ക്കറ്റില്‍നിന്ന് ഷീറ്റ് വാങ്ങി. അടുത്തയാഴ്ച ഷീറ്റ് വില 215 രൂപ വരെ ഉയരുമെന്നാണ് വ്യാപാരവൃത്തങ്ങള്‍ പറയുന്നത്. തോട്ടങ്ങളില്‍ ലാറ്റക്സ് വലിയ തോതില്‍ ബാരലുകളില്‍ ബാക്കിയുള്ളതിനാല്‍ കാര്യമായ വില മെച്ചമില്ല. എന്നാല്‍ മാര്‍ച്ച് മധ്യത്തോടെ ലാറ്റക്സ് വിലയിലും വര്‍ധനവുണ്ടാകും. ഒട്ടുപാല് വില ഇന്നലെ കിലോയ്ക്ക് 130 രൂപയ്ക്ക് മുകളിലെത്തി.
