മുണ്ടക്കയം: മുണ്ടക്കയം കൃഷിഭവനിൽനിന്ന് എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ച കൃഷി ഉദ്യോഗസ്ഥരിൽ ഒരാളെ തിരികെ നിയമിച്ചു. കൃഷി ഓഫീസർ ഉൾപ്പെടെ ആകെയുള്ള നാല് ജീവനക്കാരിൽ മൂന്നുപേരും സ്ഥലം മാറി പോയിരുന്നു. ഇതിൽ രണ്ടുപേരെയാണ് പകരമായി നിയമിച്ചത്. ഈ രണ്ടുപേരെയും എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ കൃഷി ഓഫീസർ മാത്രമായി.
മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനായി കൃഷി ഓഫീസർ കൂടി പോയതോടെ മുണ്ടക്കയം കൃഷിഭവനിൽ താത്കാലിക സ്വീപ്പർ ജീവനക്കാരി മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിരുന്നത്. ഇതോടെ കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായി. ഈ സമയങ്ങളിൽ കൊടുക്കേണ്ട പല സബ്സിഡികളും വിളകളുടെ വിതരണമടക്കം തടസപ്പെട്ടു. ഇതു കഴിഞ്ഞദിവസം ദീപിക വാർത്ത ചെയ്തിരുന്നു.
സംഭവം മാധ്യമ വാർത്തയായതോടുകൂടി അസിസ്റ്റന്റ് കൃഷി ഓഫീസറെ തിരികെ ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രശ്നത്തിന് താത്കാലിക പരിഹാരമായെങ്കിലും മുഴുവൻ ജീവനക്കാരും തിരികെയെങ്കിൽ മാത്രമേ കൃഷിഭവന്റെ പ്രവർത്തനം സുഗമമായി നടക്കുകയുള്ളൂ.
