ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയിൽ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആർക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. എജി ഉച്ചയ്ക്ക് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകും.

അതിനിടെ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും ഹൈക്കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ആറ് മണിക്കൂർ കൊണ്ട് ദർശനം നടത്തി മലയിറങ്ങണമെന്ന പോലീസിന്‍റെ നിബന്ധനയാണ് അപേക്ഷയിൽ ചോദ്യം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

മുൻപ് ഒരു ദിവസം വരെ ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അവസരമുണ്ടായിരുന്നു. പോലീസ് നിലവിൽ ആറ് മണിക്കൂറാക്കി ഇത് നിജപ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. ഇക്കാര്യവും കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Related posts