തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്് പ്രവാസി വ്യവസായി വെളിപ്പെടുത്തിയ ഡി. മണിക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി. ശശിധരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണ്ണക്കൊള്ളയില്‍ ഡി. മണിക്ക് ബന്ധമുള്ളതിനു തെളിവില്ലെന്നും മണിയുടെ കേരളയാത്രയെ സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്ണക്കൊള്ളയ്ക്കുപിന്നില് അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് എസ്ഐടിയെ രേഖാമൂലം അറിയിച്ചത്.
തന്നോട് പ്രവാസിയായ ഒരു വ്യവസായിയാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം എസ്ഐടിക്ക് മുന്‍പാകെ വ്യവസായിയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐടി പ്രവാസി വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഡി മണിയുടെ പേര് വ്യക്തമാക്കിയത്. ഡി. മണിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും ശബരിമലയിലെ ഭരണ കാര്യങ്ങളില്‍ ബന്ധമുള്ള ഒരു ഉന്നതനും ചേര്‍ന്ന് ശബരിമലയിലെ വിഗ്രഹങ്ങള്‍ വില്‍പ്പന നടത്തിയെന്നും പണം കൈമാറ്റം നടന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
ഇതേ തുടര്‍ന്ന് അന്വേഷണ സംഘം ഡി. മണിയെ ഡിണ്ടിഗലില്‍ പോയി കണ്ടെത്തി. മൊഴി രേഖപ്പെടുത്തിയിരുന്നു. വിശദമായി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മണിയോട് എസ്ഐടി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മണി തിരുവനന്തപുരത്ത് എസ്ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരായി. ആരോപണങ്ങള്‍ മണി നിഷേധിച്ചിരുന്നു. മണിയുടെ സഹായി ബാലമുരുഗനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ഡി. മണിയെ ചോദ്യം ചെയ്തപ്പോള്‍ മുതല്‍ താന്‍ എംഎസ് മണിയാണെന്നായിരുന്നു അദ്ദേഹം എസ്ഐടിയോട് വ്യക്തമാക്കിയത്. അതേ സമയം പ്രവാസി വ്യവസായിയില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ തൊണ്ടിമുതല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ശബരിമല സ്വര്‍ണക്കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ ഇന്ന് എസ്ഐടിക്കു മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരായി. ഇവര്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
