ഹരിപ്പാട്: ചോർന്നൊലിക്കുന്ന കൂരയിൽനിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതിന്റെ ആശ്വാസത്തിലാണ് ശശിധരനും കുടുംബവും. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ നിർമിച്ച് നൽകിയ 97-ാമത് വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം നടന്നു. കായംകുളം കണ്ടല്ലൂർ വടക്ക് ഓണമ്പള്ളി ജംഗ്ഷനു സമീപം എസ്.എൽ. നിവാസിൽ ശശിധരനും കുടുംബത്തിനുമാണ് കരുതൽ കൂട്ടായ്മ തണലൊരുക്കിയത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ശശിധരൻ കാൻസർ ബാധിതനാണ്. ഭാര്യയും രോഗിയാണ്. രണ്ടു മക്കളോടൊപ്പം വെള്ളക്കെട്ടും ചോർച്ചയുമുള്ള ഒരു താത്കാലിക ഷെഡിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ചെറിയ മഴ പെയ്താൽ പോലും ഷീറ്റുമേഞ്ഞ വീടിനുള്ളിൽ വെള്ളം നിറയുമായിരുന്നു. ദുരിതപൂർണമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ട കരുതൽ ചെയർമാൻ ഷാജി കെ. ഡേവിഡ് മുൻകൈയെടുത്താണ് വീട് നിർമാണത്തിന് തുടക്കമിട്ടത്.
10 ലക്ഷം രൂപ ചെലവിൽ നാലു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി അഞ്ചു സെന്റ് നികത്തിയെടുത്താണ് വീട് പണിതത്. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് വീടിന്റെ താക്കോൽ കൈമാറി. കരുതൽ ചെയർമാൻ ഷാജി കെ. ഡേവിഡ്, പഞ്ചായത്തംഗം റീനാ ഉദയൻ, എം.ഡി. സനോജ്, ജോസ് ശമുവൽ, അജിത് മുരിങ്ങയിൽ തുടങ്ങിയവർ പങ്കെടുത്തു.
