തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേമത്തു വി. ശിവന്‍കുട്ടിയും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐയോട് സിപിഎം നേതൃത്വം പിന്തുണ തേടിയതിനാല്‍ പിന്തുണയ്ക്കുന്നുവെന്ന എസ്ഡിപിഐ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എസ്ഡിപിഐയുമായി ചങ്ങാത്തമുള്ളത് കോണ്‍ഗ്രസിനാണ്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ഒറ്റച്ചങ്ങാതിമാരായാണ് പ്രവര്‍ത്തിച്ചതെന്നും അതെല്ലാം കേരളത്തിലെ ജനങ്ങള്‍ കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ത് വര്‍ഷക്കാലം കേരളത്തില്‍ ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞത് പോലെ എല്‍ഡിഎഫ് പറയുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ന്യൂനപക്ഷങ്ങള്‍ കുടുതലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള സംവാദം ഫേസ്ബുക്കിലുടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞില്ല.എസ്ഡിപിഐ പിന്തുണയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പരിഹസിച്ചു. ഞങ്ങളുടെ നിലപാട് ഞങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വര്‍ണ്ണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടിലെത്തിയതെന്ന് രാഹുല്‍ പറയണമെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഇന്നലത്തെ വാര്‍ത്തസമ്മേളനത്തില്‍ ബഹളം വയ്ക്കാന്‍ തയാറായി ചില മാധ്യമപ്രവര്ത്തകരെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയ അനുഭവം ആണ്.കാര്യങ്ങളെ വക്രീകരിക്കാനാണ് ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
