നാണംകെട്ട് ഇന്ത്യന്‍ സമൂഹം !മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ചു; തിരിച്ചു കൊടുക്കാത്തവരെ പോലീസ് കൈയ്യോടെ പിടിച്ചു

ലണ്ടന്‍: മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റമാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ഇടയിലെ ചര്‍ച്ചാവിഷയം.ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാര് ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്‍കാന്‍ തയ്യാറായി.എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തിയത് ബ്രിട്ടനിലെ ഇന്ത്യാക്കാര്‍ക്ക് ആകെ നാണക്കേടായി.

ഡിന്നറിനിടെ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ധര്‍മസങ്കടത്തിലായത് സെക്യൂരിറ്റി ജീവനക്കാരാണ്. വിവിഐപിയ്‌ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്.ഈ ഔദ്യോഗിക ഡിന്നറില്‍ ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍ മടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരും ജേര്‍ണലിസ്റ്റുകളും പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെയാണ് മോഷണം നടന്നത്. മമതക്കൊപ്പം എല്ലാ ഔദ്യോഗിക വിദേശ പര്യടനങ്ങളിലും അനുഗമിക്കാറുള്ള വിവിധ പത്രങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാരും ജേര്‍ണലിസ്റ്റുകളുമാണ് ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

മമതക്കൊപ്പം സ്ഥിരം വിദേശയാത്രകളില്‍ അനുഗമിക്കുന്ന ആളുകളാണ് ഇവരില്‍ പലരും. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയിലായിരുന്നു ഇവര്‍ മോഷണത്തിന് ധൈര്യം കാട്ടിയിരുന്നത്. തുടര്‍ന്ന് സെക്യൂരിറ്റി സ്റ്റാഫുകള്‍ ഇക്കാര്യം ജേര്‍ണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു. നാണക്കേടില്‍ നിന്നും തലയൂരുന്നതിനായി മിക്കവരും ഇത് തിരിച്ച് നല്‍കിയപ്പോള്‍ ഒരു ജേര്‍ണലിസ്റ്റ് മാത്രം താന്‍ മോഷ്ടിച്ചില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 50 പൗണ്ട് പിഴയീടാക്കുകയായിരുന്നു. ഇയാള്‍ ഇത്തരത്തിലുള്ള വിദേശ യാത്രകള്‍ക്കിടെ സാധനങ്ങള്‍ അടിച്ച് മാറ്റുന്നത് ശീലമാക്കിയ ആളാണെന്നാണ് മറ്റൊരു ബംഗാളി ജേര്‍ണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുകയും ചെയ്തു. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനു മൊത്തം അപമാനകരമായി ഈ സംഭവം.

Related posts