എന്റെ മകള്‍ ഇരുണ്ടതാണ്, പക്ഷേ അവളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി! മകളുടെ സൗന്ദര്യത്തെ വിലയിരുത്തി രംഗത്തെത്തിയവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഷാരൂഖ് ഖാന്‍

എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് വലിയ കുറവായി എടുത്തുകാട്ടി ബോഡി ഷെയ്മിംഗ് നടത്തുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്‍ പന്തിയിലാണ്. സൂപ്പര്‍ സിനിമാ താരങ്ങള്‍ക്ക് പോലും അക്കാര്യത്തില്‍ ഇളവില്ല എന്നതാണ് സത്യം.അതിന് തെളിവാകുന്നതാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകളുടെ നേര്‍ക്കുണ്ടായ അധിക്ഷേപങ്ങള്‍. താരപുത്രിയുടെ നിറത്തെയും ശരീര ഘടനയെയും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

എന്നാല്‍ ഏതൊരു പിതാവിനെയും പോലെ വിമര്‍ശകരുടെ കണ്ണില്‍ നിന്നും തന്റെ മകളെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഏതൊരു പിതാവിനും സ്വന്തം മകള്‍ സുന്ദരിയായിരിക്കും തനിക്കും അങ്ങനെയാണെന്ന് പറഞ്ഞാണ് താരം രംഗത്തെത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്.

ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ ഷാരൂഖ് അഭിനയിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത്തരം പരസ്യങ്ങളില്‍ തങ്ങള്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് സിനിമാ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

തന്റെ ആരാധകരോട് താന്‍ സത്യസന്ധതയില്ലാതെ പെരുമാറിയിട്ടില്ലെന്ന് ഷാരൂഖ് പറഞ്ഞു. പുറംമോടിയില്‍ അല്ല ആളുകളെ താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ സുന്ദരനല്ല, എനിക്ക് നല്ല ശരീരമില്ല, നന്നായി നൃത്തം ചെയ്യാന്‍ അറിയുകയുമില്ല, എനിക്ക് നല്ല തലമുടിയില്ല, സിനിമയില്‍ എങ്ങനെ സൂപ്പര്‍താരമാകാം എന്ന് പറഞ്ഞു തരുന്ന ഒരു വിദ്യാലയത്തില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അങ്ങനെയിരിക്കുന്ന ഞാന്‍ എങ്ങനെ മറ്റുള്ളവരെ വിലയിരുത്തും.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എനിക്ക് അമാനുഷികമായ ശക്തികള്‍ ഒന്നുമില്ല. എന്നിട്ടും സിനിമാ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പുറംമോടി കണ്ടു മയങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗം അല്ലാത്തത് കൊണ്ടായിരിക്കണം.

സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല- ഷാരൂഖ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു അത്.

Related posts