കൊച്ചി: പേപ്പറുകളുടെ ലഭ്യതക്കുറവു മൂലം സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. സ്കൂളുകള്‍ തുറക്കാന്‍ ഒന്നര ആഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് പാഠപുസ്തക അച്ചടി എങ്ങുമെത്താതെ നില്‍ക്കുന്നത്. 6,7,8,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി നടക്കാനുള്ളത്. തമിഴ്നാട്ടിലെ ന്യൂസ് പ്രിന്റ് ഫാക്ടറികള്‍ക്ക് ലോട്ടറി, പുസ്തകം എന്നിവ അച്ചടിച്ചതില്‍ 400 കോടിയോളം രൂപ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ കുടിശിഖ നിലനില്‍ക്കുന്നതിനാല്‍ അച്ചടിക്കുള്ള പേപ്പറുകള്‍ നല്കാന് പ്രിന്റിംഗ് പ്രസുകള്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.
നിലവില്‍ വിതരണം പൂര്‍ത്തിയായത് പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ മാത്രമാണ്. ആവശ്യത്തിന് പേപ്പര്‍ കിട്ടാത്തതിനാലാണ് മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തത്. സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള മുഴുവന്‍ പുസ്തകങ്ങളും അച്ചടിക്കുന്ന കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ 80 ശതമാനം പാഠപുസ്തകങ്ങളും 20 ശതമാനം ആക്ടിവിറ്റി പുസ്തകങ്ങളുമാണ് അച്ചടിക്കുന്നത്.
3,57,05,475 പുസ്തകങ്ങളുടെ ഒന്നാംഘട്ട പ്രിന്റ് ഓര്‍ഡറാണ് കിട്ടിയത്. ഇതില്‍ 2,85,51,000 പുസ്തകങ്ങളുടെ പ്രിന്റിംഗ് പൂര്‍ത്തിയായി. 2,48,95,859 പുസ്തകങ്ങളുടെ ബൈന്‍ഡിംഗും പൂര്‍ത്തിയായി. ഇനി 71,54,476 പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യാനും 1,08,09,616 പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാനുമുണ്ടെന്ന് കെബിപിഎസ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന് ( ഐഎന്‍ടിയുസി) പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി പറഞ്ഞു.
കഴിഞ്ഞദിവസം ഒരു ലോഡ് പേപ്പര്‍ എത്തിയിരുന്നു എന്നാല്‍ എട്ട് ലക്ഷം പുസ്തകങ്ങളുടെ കവര്‍ മാത്രമാണ് ഒരു ലോഡ് പേപ്പറില്‍ നിന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്. നേരിട്ട് ഓരോ ഉപജില്ലാ ആസ്ഥാനങ്ങള്വഴി എത്തിച്ച് സൊസൈറ്റിവഴിയാണ് പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തുക. അതുകൊണ്ടുതന്നെ പുതിയ ക്ലാസിലെത്തുമ്പോള്‍ പാഠപുസ്തകം ലഭിക്കുമോ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ട്.
എന്തായാലും ആക്ടിവിറ്റി പുസ്തകം ഓഗസ്റ്റിലെ സ്കൂളിലെത്തൂ എന്നാണ് സൂചന.
- സീമ മോഹന്‍ലാല്‍
