ഇരിങ്ങാലക്കുട: കാഴ്ചമറച്ച് കാട് വളര്‍ന്നതോടെ റോഡരികില്‍ അപകടക്കെണികളായി. ഇരിങ്ങാലക്കുട കല്ലേറ്റുംകര റൂട്ടില്‍ റോഡിന്റെ വശങ്ങളില് പലയിടത്തും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്കാണ് ഈ സ്ഥിതി.
പുല്ലൂര്‍ തൊമ്മാന മേഖല അപകടങ്ങള്‍ ഏറ്റവും സംഭവിക്കുന്ന സ്ഥലമാണ്. ഇതിന്റെ ഭാഗമായി വല്ലക്കുന്ന് ഇറക്കത്ത് സ്ഥാപിച്ച അപകട മേഖല എന്നെഴുതിയ ബോര്‍ഡും സിഗ്നല്‍ ലൈറ്റ് സിസ്റ്റവും മരത്തിന്റെ ഇലകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.
അപായമുന്നറിയിപ്പ് തരാത്ത സിഗ്നല്‍ ലൈറ്റായി ഇത് മാറി. ഇവിടെ റോഡില്‍ പാടശേഖരത്തിനോട് ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട് വളര്‍ന്ന് കിടക്കുകയാണ്. എതിര്‍ദിശയില്‍നിന്ന് വലിയ വാഹനം വന്നാല്‍ ഇറങ്ങിനടക്കാനുള്ള സ്ഥലംപോലുമില്ല.
കാട് വളര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ഇവിടെ മാലിന്യം വലിച്ചെറിയാനുള്ള ഇടമായും മാറിയിട്ടുണ്ട്. കാടുകള്‍ നീക്കം ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
